എന്‍ഡോസള്‍ഫാന്‍ ഇരകളായ യുവാക്കളും മാതാപിതാക്കളും ആത്മഹത്യ ചെയ്തു

07:02 pm 6/1/2017
images (6)

മംഗലാപുരം: എന്‍ഡോസള്‍ഫാന്‍ കീടനാശിനി ബാധയുടെ ഇരകളായ യുവാക്കളും മാതാപിതാക്കളും ആത്മഹത്യ ചെയ്തു.
ബെല്‍ത്തങ്ങാടിക്കടുത്ത ആലട്ക്ക ഗ്രാമത്തിലാണ് സംഭവം. 62 കാരനായ ബാബു ഗൗഡ, ഭാര്യ ഗംഗമ്മ (55), എന്‍ഡോസള്‍ഫാന്‍ ബാധിതരായ മക്കള്‍ സദാനന്ദ ഗൗഡ (32), നിത്യാനന്ദ ഗൗഡ (30) എന്നിവരെയാണ് മുങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ബാബുഗൗഡയുടെയും ഗംഗമ്മയുടെയും സദാനന്ദയുടെയും മൃതദേഹങ്ങള്‍ വീടിനടുത്തുള്ള കുളത്തിലാണ് കണ്ടെത്തിയത്. ഇളയ മകന്‍ നിത്യാനന്ദയുടെ മൃതദേഹം സമീപത്തെ മറ്റൊരു കുളത്തിലും കണ്ടെത്തി.
മൂന്ന് ആണ്‍മക്കളാണ് ബാബു ഗൗഡയ്ക്കുള്ളത്. സദാനന്ദയും നിത്യാനന്ദയും എന്‍ഡാസള്‍ഫാന്‍ ബാധിതരാണെന്ന് ദക്ഷിണ്‍ കന്നട ജില്ലാ പൊലീസ് സൂപ്രണ്ട് ഭൂഷണ്‍ ഗുലാബ്‌റാവു ബോറാസെയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്‍ഡോസള്‍ഫാന്‍ ബാധിതനായ സദാനന്ദ വര്‍ഷങ്ങളായി കിടപ്പിലാണ്. ചലനശേഷി കുറഞ്ഞ സദാനന്ദയും ദയാനന്ദയും അതീവ പരിചരണം ആവശ്യമായ അവസ്ഥയിലാണെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള പ്രതിമാസ സര്‍ക്കാര്‍ സാമ്പത്തിക സഹായമായ മൂവായിരം രൂപ സദാനന്ദയ്ക്ക് ലഭിക്കുന്നുണ്ട്. മക്കളുടെ അവസ്ഥയില്‍, അങ്ങേയറ്റം മാനസിക പ്രയാസത്തിലായിരുന്നു പിതാവ് എന്നാണ് വിവരമെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു.
അടക്കാ കര്‍ഷകനായ ബാബുഗൗഡ താരതമ്യേന മോശമല്ലാത്ത സാമ്പത്തിക ശേഷിയുള്ള ഒരാളായിരുന്നു. അടക്കാത്തോട്ടത്തിനു നടുവില്‍ ഇരുനില വീട്ടില്‍ താമസിക്കുന്ന ബാബു എന്നാല്‍, വര്‍ഷങ്ങളായി മോശം അവസ്ഥയിലായ മക്കളുടെ കാര്യത്തില്‍ ഏറെ ആശങ്കാകുലനായിരുന്നുവെന്ന് നാട്ടുകാരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിത്യാനന്ദയ്ക്ക് രണ്ട് ആഴ്ച മുമ്പ് ഒരു അപകടം പറ്റിയിരുന്നു. അതിനുശേഷം, വീട്ടിലായിരുന്ന നിത്യാനന്ദ ഇന്നലെ കാലത്ത് വീടുവിട്ടിറങ്ങിയതായി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനു ശേഷമാണ്, ആത്മഹത്യ നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്‍ഡോസള്‍ഫാന്‍ വിഷബാധയെ തുടര്‍ന്നുള്ള രോഗങ്ങളുമായി മല്ലിട്ട് വര്‍ഷങ്ങളായി കഴിയുന്ന മക്കളെ നോക്കി തളര്‍ന്നവരാണ് ഈ മാതാപിതാക്കളെന്ന് സ്ഥലത്തെ സാമൂഹ്യ ്പ്രവര്‍ത്തകനായ ശ്രീധര്‍ ഗൗഡ പറയുന്നു.
സംഭവത്തില്‍ ധര്‍മശാല പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.