എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സാന്ത്വനമായി ജയസൂര്യ

08:33 am 21/1/2017
Newsimg1_92271170

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സാന്ത്വനമേകാന്‍ നടന്‍ ജയസൂര്യ എത്തി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നേതൃത്വത്തിലൊരുങ്ങിയ സായി പ്രസാദം ഭവനപദ്ധതിയുടെ ഉദ്ഘാടനത്തില്‍ സംബന്ധിക്കാനെത്തിയതായിരുന്നു ജയസൂര്യ. പരിപാടി കഴിഞ്ഞപ്പോള്‍ ദുരിതബാധിതരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അസ്ഥി പൊടിയുന്ന രോഗം ബാധിച്ച് കഴിയുന്ന മൂന്നാംമൈലിലെ ഗംഗന്റെയും വാസന്തിയുടെയും മകള്‍ ശില്‍പയുടെ വീട്ടിലേക്കാണ് ജയസൂര്യ ആദ്യമെത്തിയത്. ശില്‍പയെ കണ്ടപ്പോള്‍ തന്നെ താരം തന്നെ അറിയുമോയെന്ന് ചോദിച്ചു. ടിവിയില്‍ കേള്‍ക്കുന്ന ശബ്ദം തിരിച്ചറിഞ്ഞ ശില്‍പ, തന്നെ കാണാന്‍ വന്നത് ജയസൂര്യയാണെന്ന് തിരിച്ചറിയുകയായിരുന്നു.ഒടുവില്‍ ജയസൂര്യയ്ക്ക് വേണ്ടി നല്ലൊരു പാട്ടും ശില്‍പ പാടി.

പിന്നീട് ജയസൂര്യയെത്തിയത് ബിദിയാലിലെ മോഹനന്റെയും സുമതിയുടെ മകന്‍ മിഥുന്‍ മോഹനന്റെ അരികിലായിരുന്നു. വീട്ടിലെത്തിയ ഉടനെ താരം മിഥുനെ വാരിയെടുത്തു. വീട്ടുകാരുടെ സങ്കടത്തില്‍ പങ്കു ചേര്‍ന്ന് ഇനിയും കാണാമെന്ന മറുപടിയുമായാണ് താരം മടങ്ങിയത്.