എറണാകുളം-രാമേശ്വരം ട്രെയിനിന് ഞായറാഴ്ച യാത്ര ആരംഭിക്കും.

09:09 am 2/4/2017

കൊച്ചി: യാത്രക്കാരുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ എറണാകുളം-രാമേശ്വരം ട്രെയിനിന് ഞായറാഴ്ച പച്ചക്കൊടി ഉയരും. വൈകുന്നേരം നാലിന് എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെടുന്ന പ്രതിവാര ട്രെയിൻ (നമ്പർ 06035) തിങ്കളാഴ്ച പുലർച്ചെ നാലിന് രാമേശ്വരത്തെത്തും. ആലുവ, തൃശൂർ, പാലക്കാട് ജങ്ഷൻ, പാലക്കാട് ടൗൺ, പൊള്ളാച്ചി ജങ്ഷൻ, ഉടുമൽപേട്ട്, പഴനി, ദിണ്ഡിഗൽ ജങ്ഷൻ, മാനാമധുര, രാമനാഥപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. തിങ്കളാഴ്ച രാത്രി 10നാണ് മടക്ക സർവിസ് (06036). ചൊവ്വാഴ്ച രാവിലെ 10.15ന് എറണാകുളം ജങ്ഷനിലെത്തും.

തമിഴ്നാട്ടിലെ വിനോദസഞ്ചാര, തീർഥാടന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി ട്രെയിൻ വേണമെന്ന ആവശ്യത്തിനാണ് ഇേതാടെ പരിഹാരമാകുന്നത്. പാലക്കാട്-പൊള്ളാച്ചി മീറ്റർഗേജ് പാത ബ്രോഡ്ഗേജാക്കിയശേഷം കൂടുതൽ ട്രെയിൻ ഇതുവഴി വേണമെന്ന ആവശ്യമുയർന്നിരുന്നു. ഇപ്പോൾ മൂന്നുമാസത്തേക്ക് അനുവദിച്ചതാണ് ഇൗ സർവിസ്. ഇത് സ്ഥിരപ്പെടുത്തണമെന്ന് യാത്രക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നു.

രാമേശ്വരം എക്സ്പ്രസിന് പുറമെ, എറണാകുളത്തിന് ഇത്തവണ വേനലവധിക്ക് കൂടുതൽ സ്പെഷൽ ട്രെയിനുകൾ അനുവദിച്ചിട്ടുണ്ട്. എറണാകുളം-ഹൗറ സുവിധ സ്പെഷൽ ട്രെയിൻ (82802) ഏപ്രിൽ നാലിന് സർവിസ് ആരംഭിക്കും. പുണെ-എറണാകുളം (01323), ചെന്നൈ സെൻട്രൽ -എറണാകുളം (06005), എറണാകുളം-മൈസൂർ (06041), എറണാകുളം-യശ്വന്ത്പുർ (06548) എന്നിവയാണ് മറ്റ് അവധിക്കാല സ്പെഷൽ ട്രെയിനുകൾ.

എറണാകുളം-മൈസൂർ എക്സ്പ്രസ് യാത്രക്കാരുടെ മറ്റൊരു ദീർഘകാല ആവശ്യമായിരുന്നു. പാലക്കാട്, കോയമ്പത്തൂർ, സേലം, ബംഗളൂരു വഴിയാണ് ഇതിെൻറ സർവിസ്. കൊച്ചുവേളി-ഹൈദരാബാദ് (07116), കൊച്ചുവേളി-ഹസ്രത് നിസാമുദ്ദീൻ (04425), കൊച്ചുവേളി-കാരക്കൽ (06044) എന്നിവ എറണാകുളം വഴിയുള്ള മറ്റു സ്പെഷൽ ട്രെയിനുകളാണ്.