06:12 pm 20/3/2017
തിരുവനന്തപുരം: മലപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ എൻഡിഎയിൽ പൊട്ടിത്തെറി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് മുന്നണിയെ വെട്ടിലാക്കി ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്നത്.
മലപ്പുറം ഉപതെരഞ്ഞെടുപ്പിന് സ്ഥാനാർഥിയെ ബിജെപി പ്രഖ്യാപിച്ചത് മുന്നണിയിൽ ആലോചിക്കാതെയാണെന്നു വെള്ളാപ്പള്ളി തുറന്നടിച്ചു. സഖ്യകക്ഷികളോട് ആലോചിക്കാതെ എൻഡിഎ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനാൽ പിന്തുണക്കേണ്ട ബാധ്യത ബിഡിജെഎസിനില്ല. മുന്നണി മര്യാദകളുടെ സകലസീമകളും ലംഘിക്കുന്ന നടപടികളാണ് സമീപകാലത്ത് ബിജെപിയിൽ നിന്നുണ്ടാകുന്നതെന്നു കുറ്റപ്പെടുത്തിയ വെള്ളാപ്പള്ളി കേരളത്തിൽ എൻഡിഎ സംവിധാനം പ്രവർത്തിക്കുന്നില്ലെന്നും പറഞ്ഞു.
ബിഡിജെഎസ് അണികൾ ബിജെപിയിൽ ലയിക്കുമെന്ന് സ്വപ്നത്തിൽപോലും കരുതേണ്ടെന്നു പറഞ്ഞ വെള്ളാപ്പള്ളി കേരളത്തിൽ ബിജെപിയേക്കാൾ കരുത്തുള്ള പാർട്ടിയാണ് ബിഡിജെഎസ് എന്നും ഭാവിയിൽ തങ്ങൾ ഏതു മുന്നണിയുമായും സഹകരിക്കാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കി.
മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്‍റ് എൻ.ശ്രീപ്രകാശിനെ ബിജെപി സ്ഥാനാർഥിയായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. യുഡിഎഫും എൽഡിഎഫും സ്ഥാനാർഥികളെ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതിന് പിന്നാലെയാണ് എൻഡിഎ മുന്നണിയിലെ രണ്ടാം കക്ഷിയായ ബിഡിജെഎസ് പരസ്യവിമർശനം ഉന്നയിച്ചിരിക്കുന്നത്. ദേശീയശ്രദ്ധ നേടാൻ പോകുന്ന തെരഞ്ഞെടുപ്പിന് സർവസന്നാഹവും ഒരുക്കാൻ ബിജെപി മുന്നിട്ടിറങ്ങുന്നതിനിടെ വെള്ളിപ്പള്ളിയുടെ വിമർശനം എൽഡിഎഫും യുഡിഎഫും രാഷ്ട്രീയ ആയുധമാക്കും.