08:44 pm 25/3/2017

തിരുവനന്തപുരം: ചോദ്യപേപ്പറുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് എസ്എസ്എൽസി കണക്ക് പരീക്ഷ റദ്ദാക്കി. ഈ മാസം 30 ന് വീണ്ടും പരീക്ഷ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. വരുന്ന വ്യാഴാഴ്ച ഉച്ചക്ക് 1.30 നാണ് പരീക്ഷ. കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ സംബന്ധിച്ച ആക്ഷേപം പരിശോധിക്കാൻ വിദ്യാഭ്യാസമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ് പരീക്ഷ വീണ്ടും നടത്താൻ തീരുമാനമായത്. എന്നാൽ ഈ ദിവസം വാഹന പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ വിദ്യാർഥികളെ ഇത് ബാധിക്കുമെന്ന് ആശങ്കയുണ്ട്.
ചോദ്യപേപ്പർ സംബന്ധിച്ച പരാതിയിൽ വകുപ്പ് തല അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. മന്ത്രിയുടെ അധ്യക്ഷതയിൽ ശനിയാഴ്ച നടന്ന യോഗത്തിൽ ചോദ്യപേപ്പർ സംബന്ധിച്ച പരാതിയിൽ കഴന്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ മാസം 20 ന് നടന്ന എസ്എസ്എൽസി കണക്കു പരീക്ഷയുടെ ചോദ്യപേപ്പർ കോപ്പിയടിയാണെന്നാണ് കണ്ടെത്തിയത്.
ചോദ്യപേപ്പറിലെ 13 ചോദ്യങ്ങൾ മലപ്പുറത്തെ ഒരു സ്വകാര്യ ഏജന്‍സി തയാറാക്കിയ മാതൃകാ ചോദ്യപേപ്പറുമായി സാമ്യമുണ്ടെന്നാണ് വ്യക്തമായത്. ചോദ്യം തയാറാക്കിയ അധ്യാപകന് ഈ സ്വകാര്യസ്ഥാപനവുമായി ബന്ധമുണ്ടായിരുന്നു. ഇയാൾ ഇവിടെ പഠിപ്പിച്ചിരുന്നതായും തെളിഞ്ഞു. പ്രതിപക്ഷ അധ്യാപക സംഘടനകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസവകുപ്പ് പരീക്ഷാ വകുപ്പിലെ ജോയിന്റ് കമ്മീഷണറെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹം വിദ്യാഭ്യാസമന്ത്രിക്ക് നൽകിയ റിപ്പോര്‍ട്ടിലാണ് ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയത്.
കണക്കുപരീക്ഷയെക്കുറിച്ച് വ്യാപകമായ പരാതി ഉയർന്നിരുന്നു. ചോദ്യങ്ങളിൽ ഭൂരിഭാഗവും സിലബസിനു പുറത്തുനിന്നുള്ളവയായിരുന്നു.
