തിരുവനന്തപുരം: എ.കെ.ശശീന്ദ്രൻ രാജിവയ്ക്കാനിടയായ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് സർക്കാർ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം ആര് നടത്തുമെന്ന കാര്യത്തിൽ പിന്നീട് തീരുമാനമുണ്ടാകും. കുറ്റമേറ്റെടുത്തല്ല ശശീന്ദ്രൻ രാജിവച്ചതെന്നും ധാർമികത മുൻനിർത്തിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മൂന്നാറിലെ പട്ടയ നടപടികൾ ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. ഏപ്രിൽ അവസാനത്തോടെ ഇത് പൂർത്തിയാക്കും. കൈയേറ്റക്കാർക്ക് എതിരേ ശക്തമായ നടപടി സ്വീകരിക്കും. ഒരു തരത്തിലുള്ള കൈയേറ്റങ്ങളും സർക്കാർ പ്രോത്സാഹിപ്പിക്കില്ലെന്നും കൈയേറ്റങ്ങൾക്കെതിരേ മൃദുസമീപനമില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്.രാജേന്ദ്രൻ എംഎൽഎയുടെ വീടിരിക്കുന്ന ഭൂമി കൈയേറ്റ പ്രദേശത്താണെന്നുള്ള ആരോപണങ്ങൾ മാധ്യമസൃഷ്ടി മാത്രമാണ്. മുൻപും ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
മൂന്നാറിലെ ഭൂപ്രശ്നത്തിൽ പരിസ്ഥിതിയെയും ജനങ്ങളെയും ഒരുപോലെ പരിഗണിക്കും. മൂന്നാറിൽ അനധികൃതമായി റിസോർട്ട് നിർമാണം അനുവദിക്കില്ലെന്നും എന്നാൽ ആവശ്യത്തിനാകാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വർഷങ്ങളായി താമസിക്കുന്ന സ്ഥലം കൈയേറ്റമാണെന്ന് പറഞ്ഞ് ചെന്നാൽ ജനങ്ങൾ ചിലപ്പോൾ പ്രതികരിച്ചെന്ന് വരുമെന്നും പിണറായി വിജയൻ പറഞ്ഞു.