07:51 am 21/4/2017
മുംബൈ: അഞ്ച് സംസ്ഥാനങ്ങളിലായി പൊലീസ് നടത്തിയ റെയ്ഡിൽ ഐ.എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന പത്തുേപരെ പിടികൂടി. ഇതിൽ നാല് പേരെടു അറസ്റ്റ് രേഖപ്പെടുത്തി. ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവെന്ന കുറ്റം ചുമത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. മുംബൈ, ജലന്ധർ (പഞ്ചാബ്), നാർകാഷിയഗഞ്ച് (ബിഹാർ), മുസാഫർ നഗർ, ബിജ്നൂർ (യു.പി), ന്യൂഡൽഹി എന്നീ നഗരങ്ങളിലാണ് തീവ്രവാദ വിരുദ്ധ സേനയുടെയും (എ.ടി.എസ്) അതാത് സംസ്ഥാനങ്ങളിലെ പൊലീസ് സേനയുടെയും സംയുക്ത നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. പിടികൂടപ്പെട്ടവർ യു.പി, മുംബൈ, പഞ്ചാബ്, ബിഹാർ സ്വദേശികളാണ്.
രാജ്യത്ത് വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ട െഎ.എസിെൻറ ഖുറാസാൻ മൊഡ്യൂളിലെ മൂന്ന് തീവ്രവാദികൾ അറസ്റ്റിലായെന്ന് എ.ടി.എസ് െഎ.ജി അസീം അരുൺ അറിയിച്ചു.
മുഫ്ത്തി ഫൈസാൻ, തൻവീർ, നസീം ഷംഷാദ് അഹമ്മദ്, മുസമ്മിൽ എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ആദ്യ രണ്ടു പേർ ബിജ്നൂറിൽനിന്നാണ് അറസ്റ്റിലായത്. യു.പി സ്വദേശിയായ ഷംഷാദിനെ മുംബൈക്കടുത്തുനിന്നും മുസമ്മിലിനെ ജലന്ധറിൽനിന്നുമാണ് പിടികൂടിയത്. ഇവരിൽനിന്ന് െഎ.എസുമായി ബന്ധപ്പെട്ട രേഖകൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇവരെ വെള്ളിയാഴ്ച നോയിഡ കോടതിയിൽ ഹാജരാക്കി എ.ടി.എസ് കസ്റ്റഡിയിൽ വാങ്ങും. പിടികൂടിയ മറ്റു ആറു പേരെയും ചോദ്യം ചെയ്ത് വരുകയാണെന്ന് ലഖ്നോ എ.ടി.എസ് വൃത്തങ്ങൾ പറഞ്ഞു. ഇവർ പരസ്പരം സോഷ്യൽമീഡിയ വഴി ബന്ധപ്പെട്ടതായി മനസ്സിലായിട്ടുണ്ട്. മാർച്ച് ഏഴിന് ലഖ്നോവിൽ നടന്ന ഏറ്റുമുട്ടലിനുശേഷം ഇവരെ എ.ടി.എസ് നിരീക്ഷിച്ചുവരുകയായിരുന്നു.
തുടർന്നാണ് അന്വേഷണം അഞ്ച് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചത്.