06:11 on 8/4/2017
ഭദ്രക്: രാമനെ അപകീർത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് സംഘർഷം പൊട്ടിപ്പുറപ്പെട്ട ഒഡീഷയിലെ ഭദ്രകിൽ കർഫ്യൂ പ്രഖ്യാപിച്ചു. സെക്ഷൻ 144 പ്രകാരം ഞായറാഴ്ച രാവിലെ എട്ടു മണിവരെയാണ് ജില്ലാ ഭരണകൂടം കർഫ്യൂ ഏർപ്പെടുത്തിയത്. കൂടാതെ മുൻകരുതലായി ദാംനഗർ, ബസുദേവ് പൂർ എന്നിവിടങ്ങളിലും കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി 15 പ്ലാറ്റൂൺ പൊലീസ് സേനയെയും വിന്യസിച്ചിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറി അസിഥ് തൃപതി, ഡി.ജി.പി കെ.ബി സിങ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.
സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സാമൂഹ്യനീതി മന്ത്രി കൃഷൻ പാൽ ഗുർജറിന്‍റെ ഭദ്രകിലേക്കുള്ള യാത്ര റദ്ദാക്കി. സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി പരിപാടിയിൽ പങ്കെടുക്കരുതെന്ന് കേന്ദ്രമന്ത്രിയോട് ലോക്കൽ പൊലീസ് അഭ്യർഥിച്ചിരുന്നു.