മരട് ക്വട്ടേഷൻ കേസ്: ആൻറണി ആശാൻപറമ്പിൽ കീഴടങ്ങി
11:01 AM 13/12/2016

കൊച്ചി: ക്വട്ടേഷൻ കേസിൽ ഒളിവിലായിരുന്ന മരട് മുനിസിപ്പൽ വൈസ് ചെയർമാൻ ആൻറണി ആശാൻപറമ്പിൽ കീഴടങ്ങി. കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി പൊലീസിൽ കീഴടങ്ങാൻ നിർദേശിക്കുകയായിരുന്നു. ആൻറണിയുടെ കൂട്ടു പ്രതിയും മരട് നഗരസഭാ കൗൺസിലറുമായ ജിംസൺ പീറ്ററും കീഴടങ്ങി. ചൊവ്വാഴ്ച രാവിലെ എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്തി ഇവർ കീഴടങ്ങുകയായിരുന്നു.
ഐ.എൻ.ടി.യു.സി പ്രവർത്തകനെ തട്ടിക്കൊണ്ടുപോയി വീട്ടുതടങ്കലിലാക്കി മർദ്ദിച്ച കേസിലെ പ്രതിയാണ് ആൻറണി. കേസിനെ തുടർന്ന് ആൻറണിയെയും കൂട്ടുപ്രതി ജിംസൺ പീറ്ററിനെയും കോൺഗ്രസ് പാർട്ടിയിൽനിന്നു നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു.
രണ്ടുമാസം ഒളിവിൽ കഴിഞ്ഞശേഷമാണ് ആൻറണി പൊലീസിൽ കീഴടങ്ങിയത്. അതേസമയം, തനിക്കെതിരെയുള്ള കേസ് കേസ് രാഷ്ട്രീയപ്രേരിതമാണെന്നും താൻ ഒളിവിൽ കഴിയുകയായിരുന്നില്ലെന്നും ജാമ്യാപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നെന്നും ആൻറണി മാധ്യമങ്ങളോടു പ്രതികരിച്ചു.
2012ൽ നെട്ടൂർ സ്വദേശിയായ കരാറുകാരൻ പി.എ ഷൂക്കൂർ സ്വന്തം ഭൂമിയിൽ മണ്ണിട്ട് നികത്തുന്നതിനിടെ ആൻറണി ആശാൻപറമ്പിലിെൻറ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമെത്തി ഭൂമിയിൽ കൊടി കുത്തുകയായിരുന്നു. തുടർന്ന് ആൻറണി നിയോഗിച്ച നാലംഗ ക്വട്ടേഷൻ സംഘം ഷൂക്കൂറിനെ കാറിൽ തട്ടിക്കൊണ്ടുപോവുകയും ഭീഷണിപ്പെടുത്തി മർദ്ദിക്കുകയും ചെയ്തുവെന്നാണ് കേസ്.
