06:00 pm 15/3/2017
കണ്ണൂർ: അഴീക്കോടിനടുത്ത വായിപ്പറന്പിൽ ഇന്നു പുലർച്ചെയും പുലിയെ കണ്ടതായി പരിസരവാസികൾ. ചിലർ പുലിയുടെ ശബ്ദം കേട്ടതായും പറയുന്നു. പുലിയെ കണ്ടതായുള്ള അഭ്യൂഹം ശക്തമായതോടെ വനംവകുപ്പ് ചൊവ്വാഴ്ച വായിപ്പറന്പിൽ കൂട് സ്ഥാപിച്ചിരുന്നു. കൂടാതെ പുലിയ്ക്കായി ഇന്നു രാവിലെ മുതൽ വനംവകുപ്പ് തുടങ്ങിയ പരിശോധന തുടരുകയാണ്. രാത്രിയിലെ പരിശോധന പ്രയോഗിക ബുദ്ധിമുട്ടായതിനാലാണ് പകൽ പരിശോധന നടത്തുന്നത്.
വായിപ്പറന്പിൽ പുലിയെ കണ്ടുവെന്ന് നാട്ടുകാർ പറഞ്ഞ സ്ഥലത്താണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. കൂടിനകത്ത് നായ്ക്കുട്ടിയേയാണ് ഇരയായി വച്ചിരിക്കുന്നത്. കഴിഞ്ഞ നാലിനാണ് ആദ്യം വായിപ്പറന്പിൽ പുലിയെ കണ്ടതായി പറയുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ പലരും പുലിയെ കണ്ടതായി അവകാശപ്പെട്ടു. പ്രദേശത്തു നിന്നും വന്യജീവിയുടേതെന്നു സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് പുലിയുടേതാണോ എന്നകാര്യം സ്ഥിരീകരിച്ചിട്ടില്ല. നാട്ടുകാർ പുലിയുടേതെന്നു പറഞ്ഞു കാണിച്ച ചില കാൽപ്പാടുകൾ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. ഇതിൽ ചിലത് കുറുക്കന്റേതാണെന്നു വ്യക്തമായിട്ടുണ്ട്.
അതേസമയം പുലിയെ കണ്ടതായി പലരും അവകാശപ്പെട്ടതോടെ പ്രദേശം കടുത്ത ഭീതിയിലാണ്. ഏതാനും വർഷം മുന്പ് ഇതിനു സമീപത്തെ അഴീക്കൽ ചാലിൽനിന്നും പുലിയെ പിടികൂടിയിരുന്നു. ഒരാഴ്ച മുന്പ് കണ്ണൂർ തായത്തെരുവിൽനിന്നും പുലിയെ പിടികൂടുക കൂടി ചെയ്തതോടെയാണ് നാട്ടുകാരുടെ ഭീതി വർധിച്ചത്.