09:04 am 6/3/2017
മോഹന്‍ വര്‍ഗീസ്
ന്യൂയോര്‍ക്ക്: അമേരിക്കയിലെയും കാനഡയിലെയും സീറോ മലങ്കര കത്തോലിക്കാ രൂപതയുടെ കത്തീഡ്രല്‍ മദ്ബഹാ കൂദാശ 2017 മാര്‍ച്ച് 25 ശനി പരിശുദ്ധ ദൈവമാതാവിന്റെ വചനിപ്പു തിരുനാളില്‍ നടത്തപ്പെടുന്നു. ഉച്ചയ്ക്ക് 2.45 ന് ആരംഭിക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സീറോ മലങ്കര സഭയുടെ തലവനും പിതാവുമായ കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവയാണ്. ശുശ്രൂഷാ മദ്ധ്യേ ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ തിമൊത്തി ഡോളന്‍ വചന സന്ദേശം നല്‍കും. ഏകദേശം ഇരുപതോളം മെത്രാപ്പൊലീത്തമാരും ധാരാളം വൈദികരും സന്യസ്തരും അമേരിക്കയിലെയും കാനഡയിലെയും വിവിധ ഇടവകകളില്‍ നിന്നുള്ള വലിയ വിശ്വാസിഗണവും തിരുക്കര്‍മ്മങ്ങള്‍ക്കായി ഒത്തുചേരും. ന്യൂയോര്‍ക്കിലെ എല്‍മണ്ടിലാണ് രൂപതാ ആസ്ഥാനവും കത്തീഡ്രലും സ്ഥിതി ചെയ്യുന്നത്.
കൂദാശ ചെയ്യപ്പെട്ട വിശുദ്ധ മദ്ബഹായിലെ ആദ്യ ബലി അര്‍പ്പണം 2017 മാര്‍ച്ച് 26 ഞായര്‍ രാവിലെ 10 മണിക്ക്അഭിവന്ദ്യ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെയും രൂപതാ അദ്ധ്യക്ഷന്‍ അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയോസ് തിരുമേനിയുടെയും മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടും.
2010 ലാണ് അമേരിക്കയില്‍ സീറോമലങ്കര കത്തോലിക്കാ സഭയ്ക്ക് ആദ്യമായിഒരു കാനോനിക സംവിധാനം എക്‌സാര്‍ ക്കേറ്റ് പരിശുദ്ധ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാല്‍ സ്ഥാപിതമായത്. 2016 ജനുവരിയില്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ എക്‌സാര്‍ക്കേറ്റിനെ ഭദ്രാസനമായി ഉയര്‍ത്തുകയും കാനഡയെ പുതിയ ഭദ്രാസനത്തിന്റെ ഭാഗമാക്കുകയും ചെയ്തു. അന്ത്യോക്യന്‍ ആത്മികതയുടെയും മലങ്കര പൈതൃകത്തിന്റെയും പ്രതീക സൗന്ദര്യം സമ്മേളിപ്പിച്ചു കൊണ്ടാണ് പുതിയ മദ്ബഹാ രൂപകല്പന ചെയ്തിരിക്കുന്നത്. ഇത് വളരെ വേഗത്തില്‍ ഒരു യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞത് സീറോ മലങ്കര കത്തോലിക്കാ സഭയുടെ പാരമ്പര്യങ്ങള്‍ കാത്തു സൂക്ഷിക്കുന്നതിലും കൈമാറ്റം ചെയ്യുന്നതിലുമുള്ള ഉണര്‍വ്വും ഉത്സാഹവും വെളിപ്പെടുത്തുന്നു എന്ന് 2010 മുതല്‍ അമേരിക്കയിലെയും കാനഡയിലെയും സീറോ മലങ്കര കത്തോലിക്കാ സഭയ്ക്ക് നേതൃത്വം നല്‍കുന്ന അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയോസ് തിരുമേനി സന്തോഷപൂര്‍വ്വം സാക്ഷ്യപ്പെടുത്തി. തികച്ചുംപൗരസ്ത്യ പാരമ്പര്യത്തില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ മദ്ബഹാ ആഗോള കത്തോലിക്കാ സഭയിലെ വൈവിധ്യമാര്‍ന്ന പാരമ്പര്യങ്ങളുടെ ആത്മിക സമ്പന്നത അമേരിക്കയിലെ കത്തോലിക്കാ സഭയ്ക്ക് പകര്‍ന്നു നല്‍കുവാന്‍ പര്യാപ്തമാകും.