കനത്ത മഞ്ഞ്: അമേരിക്കയിലെ 4 സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ

07:46 am 16/3/2017
Newsimg1_35567088 (1)
വാഷിങ്ടന്‍: യുഎസിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ കൊടുങ്കാറ്റും മഞ്ഞുമഴയും. ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, പെന്‍സില്‍വാനിയ, വിര്‍ജീനിയ എന്നീ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കിഴക്കന്‍ പെന്‍സില്‍വാനിയ മുതല്‍ തെക്കു പടിഞ്ഞാറന്‍ മെയ്ന്‍ വരെയുള്ള സ്ഥലങ്ങളില്‍ യുഎസ് നാഷനല്‍ വെതര്‍ സര്‍വീസ് ഹിമവാതത്തിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ മറ്റു സ്ഥലങ്ങളിലും കനത്ത മഞ്ഞുവീഴ്ചയുണ്ട്. സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. നിരവധി വിമാനങ്ങള്‍ റദ്ദാക്കി.

ഇതേത്തുടര്‍ന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ വെള്ളിയാഴ്ചത്തേക്കു നീട്ടിവച്ചു. 6,800ല്‍ അധികം വിമാനങ്ങളാണ് റദ്ദാക്കിയതെന്ന് വിമാനങ്ങള്‍ നിരീക്ഷിക്കുന്ന സേവനമായ ഫ്‌ലൈറ്റ്അവേര്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യൂയോര്‍ക്ക്, വാഷിങ്ടന്‍, ബോസ്റ്റണ്‍, ബാള്‍ട്ടിമോര്‍, ഫിലദല്‍ഫിയ വിമാനത്താവളങ്ങളിലാണ് ഏറ്റവുമധികം വിമാനങ്ങള്‍ റദ്ദാക്കിയത്.

പ്രാദേശിക സമയം ചൊവ്വാ രാവിലെ ഏഴിന് ന്യൂ ഹാംഷെയറില്‍ മഞ്ഞുവീഴ്ചയെത്തുടര്‍ന്നു നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചു പതിനാറുകാരി കൊല്ലപ്പെട്ടു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണു കാറ്റ് അടിക്കുന്നത്. നിരവധി സംസ്ഥാനങ്ങളിലെ ജനങ്ങളോടു റോഡില്‍ ഇറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. മഞ്ഞുവീഴ്ചയെത്തുടര്‍ന്നു വ്യത്യസ്ത സംഭവങ്ങളിലായി വിസ്‌കോണ്‍സിനില്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ള നാലുപേര്‍ കൊല്ലപ്പെട്ടു. അതേസമയം, മരണസംഖ്യ എത്രയെന്ന് ഔദ്യോഗികമായി പുറത്തുവിട്ടില്ല.