കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിജ്ഞാപനം നിയമ യുദ്ധത്തിലേക്ക് നീങ്ങിയേക്കും

06:54 pm 26/5/3017

കോട്ടയം: രാജ്യത്ത് കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിജ്ഞാപനം നിയമ യുദ്ധത്തിലേക്ക് നീങ്ങിയേക്കും. കേന്ദ്രത്തിന്‍റെ നടപടി ഫെഡറൽ സംവിധാനം തകർക്കുമെന്നും ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നും കേരളത്തിലെ മന്ത്രിമാർ പ്രഖ്യാപിച്ചു കഴിഞ്ഞു. വിജ്ഞാപനം ഒരുകാരണവശാലും നടപ്പാക്കില്ലെന്നാണ് കേരളത്തിലെ മന്ത്രിമാരുടെ നിലപാട്. ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് മന്ത്രിമാരായ വി.എസ്.സുനിൽകുമാറും കെ.ടി.ജലീലും ജി.സുധാകരനും പ്രതികരിച്ചു.

കേന്ദ്ര സർക്കാരിന്‍റെ വിജ്ഞാപനത്തിലൂടെ രാജ്യത്തെ 60,000 കോടി രൂപയുടെ വ്യവസായത്തിനാണ് അവസാനമാകുന്നത്. കന്നുകാലികളെ കശാപ്പിന് ഉപയോഗിക്കാൻ കഴിയാതെ വരുന്നതോടെ രാജ്യത്ത് നിന്നുള്ള ഇറച്ചി കയറ്റുമതി പൂർണമായി നിൽക്കും. അനുബന്ധമായി വരുന്ന തുകൽ വ്യവസായം ഉൾപ്പടെയുള്ള എല്ലാത്തിനും പ്രതിസന്ധിയുണ്ടാകും. കന്നുകാലി കശാപ്പിലൂടെ ഉപജീവനം കഴിക്കുന്ന രാജ്യത്തെ ആയിരക്കണക്കിന് ആളുകളുടെ തൊഴിൽ നഷ്ടം വേറെയും.

നിലവിൽ ചില സംസ്ഥാനങ്ങളിൽ ഗോവധ നിരോധനം നിയമം നടപ്പിലാക്കിയിട്ടുണ്ട്. ഇതിന്‍റെ പുതിയ പതിപ്പാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഇപ്പോഴത്തെ വിജ്ഞാപനം. സംസ്ഥാനങ്ങൾ നടപ്പാക്കിയ നിയമത്തിൽ പശുവിനെ കശാപ്പ് ചെയ്യുന്നതിനായിരുന്നു നിരോധനം. എന്നാൽ കേന്ദ്രം ഇറക്കിയ വിജ്ഞാപനത്തിൽ പശുവിന് പുറമേ കാള, പോത്ത്, എരുമ, ഒട്ടകം എന്നീ മൃഗങ്ങളെയും ഉൾപ്പെടുത്തിയതാണ് ഇറച്ചി വ്യവസായത്തിന് തിരിച്ചടിയായത്.

രാജ്യത്ത് പല സംസ്ഥാനങ്ങളിലും കശാപ്പിന് നിയന്ത്രണം കൊണ്ടുവന്നപ്പോഴും പോയ വർഷം ഇറച്ചി കയറ്റുമതിയിലൂടെ രാജ്യം നേടിയത് കോടികളാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍ ജനുവരി കാലയളവില്‍ രാജ്യം കയറ്റുമതി ചെയ്തത് 22,074 കോടി രൂപയുടെ ഇറച്ചിയാണ്. 11 ലക്ഷം ടണ്‍ ഇറച്ചിയാണ് രാജ്യത്ത് നിന്നും കയറ്റി അയച്ചത്. ലോക്സഭയിൽ കേന്ദ്ര വാണിജ്യ മന്ത്രി നിർമല സീതാരാമൻ തന്നെ വ്യക്തമാക്കിയ കണക്കാണിത്.

നൂറുകണക്കിന് വൻകിട കന്പനികളും ആയിരക്കണക്കിന് ചെറുകിട കശാപ്പുകാർക്കും ഒരേപോലെ തൊഴിൽ ലഭിച്ചിരുന്ന മേഖലയെ ഒറ്റ വിജ്ഞാപനത്തിലൂടെ കേന്ദ്രം ഇല്ലാതാക്കുകയാണ് ഫലത്തിൽ ചെയ്തത്.