തൃശൂർ: അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ദേശീയഗാനത്തോട് അനാദരവുകാണിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ അക്കാദമി ചെയർമാനും സംവിധായകനുമായ കമലിന്റെ വസതിയിലേക്ക് മാർച്ച് നടത്തി.
കൊടുങ്ങലൂർ ഫിലിം സൊസൈറ്റിയുടെ രക്ഷാധികാരിയായ കമൽ ദേശീയ ഗാനം വിഷയത്തിൽ നിലപാട് വ്യക്തമാക്കണം. കമൽ അറിയാതെ കൊടുങ്ങലൂർ ഫിലിം സൊസൈറ്റിയുടെ പ്രസിഡൻറ് അനൂപ് കുമാർ ദേശീയഗാനം നിർബന്ധമാക്കിയതിനെതിരെ സുപ്രീംകോടതിയെ സമീപിക്കില്ലെന്ന് യുവമോർച്ച ആരോപിച്ചു. അതിനാൽ ഇക്കാര്യത്തിൽ കമൽ നിലപാട് വ്യക്തമാക്കണമെന്നും ഫിലിം സൊസൈറ്റിയിൽ നിന്ന് രാജിവെക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
കമലിന്റെ വസതിക്ക് 50 മീറ്റർ അകലെവെച്ച് മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡൻറ് മാർച്ച് എ. രാകേഷ് ഉദ്ഘാടനം ചെയ്തു. പാർട്ടി മണ്ഡലം പ്രസിഡൻറ് എം.ജി പ്രശാന്ത് അധ്യക്ഷത വഹിച്ചു.