12.47 PM 09/01/2017

കോഴിക്കോട്: ദേശീയത അംഗീകരിക്കാനാവില്ലെങ്കിൽ സംവിധായകൻ കമൽ രാജ്യം വിട്ടുപോകണമെന്ന് ബിജെപി. ദേശീയ മാനകങ്ങളെ അംഗീകരിക്കാത്ത കമൽ രാജ്യം വിടുന്നതാണ് നല്ലതെന്ന് പാർട്ടി സംസ്‌ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു. കോഴിക്കോട്ട് വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പിണറായി കമലിൽ കാണുന്ന യോഗ്യത മോദിയെ നരഭോജിയെന്നു വിളിച്ചതാണ്. എസ് ഡി പി ഐയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആളാണു കമലെന്നും രാധാകൃഷ്ണൻ ആരോപിച്ചു.
ചെഗുവേരയുടെ ചിത്രങ്ങൾ കേരളത്തിൽനിന്നും നിഷ്കാസനം ചെയ്യണമെന്നും രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ചെ ഗുവേരയെ ആരാധിക്കുന്നതാണ് കേരളത്തിലെ രാഷ്ട്രീയ കൊലകൾക്ക് കാരണം. ഡിവൈഎഫ്ഐ നടത്തുന്ന പ്രാകൃത കൊലപാതകങ്ങൾക്ക് കാരണം ചെ ഗുവേരയോടുള്ള ആരാധനയാണ്. ഈ സാഹചര്യത്തിൽ നാരായണ ഗുരുവിന്റേയും വിവേകാനന്ദന്റേയും ചിത്രങ്ങൾക്കരികിൽനിന്ന് ചെ ഗുവേരയുടെ ചിത്രങ്ങൾ നീക്കം ചെയ്യണമെന്ന് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
