09;26 am 11/2/2017
കൊണ്ടോട്ടി: നവീകരണം പൂര്‍ത്തിയാക്കി മാര്‍ച്ച് ഒന്നിന് റണ്‍വേ മുഴുവന്‍ സമയം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെ കരിപ്പൂരില്‍നിന്ന് പുതുതായി മൂന്ന് സര്‍വിസുകള്‍. ഒമാന്‍ എയര്‍, ഇന്‍ഡിഗോ എയര്‍ എന്നിവയാണ് സര്‍വിസുകള്‍ പ്രഖ്യാപിച്ചത്. മസ്കത്തിലേക്കുള്ള ഒമാന്‍ എയര്‍ സര്‍വിസ് തിങ്കളാഴ്ച മുതല്‍ കരിപ്പൂരില്‍ നിന്നാരംഭിച്ചു. ഇന്‍ഡിഗോ എയര്‍ ഷാര്‍ജ, മസ്കത്ത് എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വിസുകള്‍ നടത്തുന്നത്. ഖത്തര്‍ എയര്‍വേസ്, ഇത്തിഹാദ് എന്നീ കമ്പനികളും പുതിയ സര്‍വിസുകള്‍ ആരംഭിച്ചേക്കും.
ഇടത്തരം വലിയ വിമാനങ്ങള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയാല്‍ ദുബൈയിലേക്ക് എമിറേറ്റ്സും ജിദ്ദയിലേക്ക് സൗദി എയര്‍ലൈന്‍സും സര്‍വിസ് നടത്തും. ഇന്‍ഡിഗോ മാര്‍ച്ച് 20 മുതലാണ് ഷാര്‍ജ, മസ്കത്ത് എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വിസ് ആരംഭിക്കുന്നത്. ഇതോടെ മസ്കത്തിലേക്ക് കരിപ്പൂരില്‍നിന്ന് പ്രതിദിനം നാല് സര്‍വിസുകളുണ്ടാകും. ഒമാന്‍ എയറിന് രണ്ടും എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ എന്നിവക്ക് ഓരോന്നും വീതം സര്‍വിസാണുള്ളത്.