കൊണ്ടോട്ടി: ദുബായിൽനിന്ന് മസ്കറ്റ് വഴി കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 4.273 കിലോഗ്രാം സ്വർണം കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടി. മസ്കറ്റിൽനിന്നുളള ഒമാൻ എയറിൽ വിമാനത്തിൽ കരിപ്പൂരിലെത്തിയ കാസർഗോഡ് സ്വദേശി നൗഷാദ് അബ്ദുൽ ഹമീദ്(38), കോഴിക്കോട് താമരശേരി സ്വദേശി മുഹമ്മദ് റാഫി(24) എന്നിവരിൽനിന്നാണ് സ്വർണം പിടികൂടിയത്. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 1.3 കോടി രൂപ വിലമതിക്കും.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കോഴിക്കോട്ട് നിന്നെത്തിയ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം ഉദ്യോഗസ്ഥർ രണ്ടുയാത്രക്കാരുടേയും ബാഗേജുകൾ പരിശോധിച്ചപ്പോഴാണ് സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടത്. നൗഷാദിന്‍റെ ബാഗേജിലുണ്ടായിരുന്ന വാട്ടർ മോട്ടറിനകത്തായിരുന്നു സ്വർണം. രണ്ടുകിലോ വരുന്ന സ്വർണം യന്ത്രത്തിന്‍റെ പാർട്സ് രൂപത്തിലാക്കി ഉരുക്കി ഒഴിച്ച നിലയിലായിരുന്നു.
റാഫിയുടെ ബാഗേജിൽ കാർ ക്ലീനറിനകത്തുമായിരുന്നു സ്വർണം ഒളിപ്പിച്ചിരുന്നത്. യന്ത്രങ്ങളുടെ രൂപത്തിൽ ഉരുക്കി ഒഴിച്ചായിരുന്നു ഇയാളും സ്വർണം എത്തിച്ചത്. 2.273 കിലോഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.

