കരുണയില്ലാത്ത കോടതി വിധി; രോഗിയായ അമ്മയും മകളും പെരുവഴിയില്‍

09:17 am 21/3/2017

Newsimg1_13369728
കാഞ്ഞിരപ്പള്ളി: കോടതിയും കരുണ കാണിച്ചില്ല. കുടുംബസ്വത്ത് സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് ഭര്‍തൃമാതാവും ഭര്‍തൃസഹോദരനും നല്‍കിയ കേസില്‍ നാല്‍പ്പത്തിനാലുകാരിയായ രോഗിയായ സ്ത്രീയും മകളും പെരുവഴിയിലായി. പൂതക്കുഴി തൈപ്പറമ്പില്‍ ബബിത ഷാനവാസ് (44), മകള്‍ സൈബ ഷാനവാസ്(14) എന്നിവരെ താമസിച്ചിരുന്ന ഒറ്റമുറി വീട്ടില്‍നിന്ന് കട്ടിലോടെ കുടിയൊഴിപ്പിച്ചത്.

മൂന്നു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ബബിത ഗര്‍ഭപാത്രത്തില്‍ മുഴയുണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞ മൂന്നു വര്‍ഷമായി ചികിത്സയിലാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്നു പൂര്‍ണ വിശ്രമത്തിലായിരുന്ന ബബിതയെ കട്ടിലില്‍ കിടന്ന കിടക്കയോടു കൂടി പൊക്കിയെടുത്തു പുറത്തിറക്കിയ കാഴ്ച കണ്ടു നിന്നവരുടെ കണ്ണുനനച്ചു.

ചിറക്കടവ് സെന്‍റ് ഇഫ്രേംസ് സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാര്‍ഥിനി സൈബയുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടെ വസ്ത്രങ്ങളുമെല്ലാം പുറത്താക്കി. വാതിലും വൈദ്യുതിയും ഇല്ലാത്ത ഒറ്റമുറി വീട്ടില്‍നിന്നു ബബിതയെയും മകളെയും കുടിയൊഴിപ്പിച്ചു ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇനി എങ്ങോട്ട് എന്നറിയാതെ പെരുവഴിയിലായിരിക്കുകയാണ് അമ്മയും മകളും. ഇവര്‍ക്കു താമസിക്കാന്‍ വീടോ മറ്റു സ്ഥലമോ ഇല്ല. കഴിഞ്ഞ ദിവസമാണ് ഇവരെ ഒഴിപ്പിക്കാന്‍ കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ദയനീയ കാഴ്ച കണ്ടു മടങ്ങി.

പോലീസ് ഇവരുടെ ദയനീയാവസ്ഥ കാട്ടി ശനിയാഴ്ച കോടതിക്കു റിപ്പോര്‍ട്ട് നല്‍കി. പലകകളും തുണി ഉപയോഗിച്ചും മറച്ച വീടിനു വാതിലും സുരക്ഷിതത്വവുമില്ല. മുറിയുടെ ഒരുവശത്ത് ഒരാള്‍ക്കു മാത്രം നില്‍ക്കാന്‍ കഴിയുന്ന അടുക്കള. ഒന്പതാം ക്ലാസുകാരിക്ക് ഇരുന്നു പഠിക്കാന്‍ കസേരയോ മേശയോ ഇല്ല. എന്നാല്‍, പോലീസിന്‍റെ റിപ്പോര്‍ട്ട് തള്ളിയ കോടതി ഇന്നലെ കാഞ്ഞിരപ്പള്ളി എസ്‌ഐയെ കോടതിയില്‍ വിളിച്ചു വരുത്തി ഉച്ചയ്ക്ക് ഒന്നിന് മുമ്പ് അമ്മയെയും മകളെയും ഒഴിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നു കര്‍ശന നിര്‍ദേശം നല്‍കി.

ഇതോടെ ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ വനിതാ പോലീസുകാരടങ്ങുന്ന സംഘം സ്ഥലത്തെത്തി. ഒറ്റമുറി വീട്ടിലെ കട്ടിലില്‍നിന്നു ബബിത എഴുന്നേല്‍ക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് കിടന്നിരുന്ന കിടക്കയോടെ ബബിതയെ പൊക്കിയെടുത്തു വെളിയിലാക്കി.
ഭര്‍ത്താവ് ഷാനവാസുമൊത്തു ബബിതയും മകളും താമസിച്ചിരുന്ന വീടും ഒന്നര സെന്‍റ് സ്ഥലവും ഭര്‍ത്താവിന്‍റെ മരണ ശേഷം ഭര്‍തൃമാതാവ് മറ്റൊരു മകന് എഴുതിക്കൊടുത്തു. ഇതേത്തുടര്‍ന്നാണ് തര്‍ക്കങ്ങളും കേസുകളും ഉടലെടുത്തത്. തന്‍റെ കല്യാണ സമയത്തു നല്‍കിയ സ്വര്‍ണവും പണവും തിരികെ നല്‍കണമെന്നാവശ്യപ്പെട്ടു മുമ്പ് ബബിത കുടുംബ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ ബബിതയ്ക്ക് 3,90,000 രൂപ നല്‍കാനും കുടുംബക്കോടതി വിധിച്ചിരുന്നു. ഇതിനെതിരേ ഭര്‍തൃവീട്ടുകാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.