കള്ളപ്പണം പുറത്തെത്തിയെന്നു കണക്കുകളിൽ വ്യക്‌തം: കുമ്മനം

12.02 AM 12/01/2017
Kummanam_Rajasekharan_080616
തൃശൂർ: കള്ളപ്പണം പുറത്തെത്തി എന്നു തന്നെയാണ് പാർലമെന്റ് ധനകാര്യ കമ്മിറ്റിക്കു റിസർവ് ബാങ്ക് നൽകിയ കണക്കുകൾ വ്യക്‌തമാക്കുന്നതെന്നു ബിജെപി സംസ്‌ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. തിരിച്ചെത്തിയതിൽ നാലു ലക്ഷം കോടി കള്ളപ്പണമാണെന്നാണ് കണക്കുകൾ. നവംബർ എട്ടിനു ശേഷം രണ്ടു ലക്ഷം രൂപയിൽ കൂടുതലുള്ള നിക്ഷേപങ്ങൾ ഏഴര ലക്ഷം കോടിയുടേതാണ്. നിഷ്ക്രിയ അക്കൗണ്ടുകളിൽ 25,000 കോടിയാണ് നിക്ഷേപിക്കപ്പെട്ടത്. ഗ്രാമീണ, സഹകരണ ബാങ്കുകളിൽ നവംബർ എട്ടിനു ശേഷം 13,000 കോടിയുടെ നിക്ഷേപം നടന്നിട്ടുണ്ട്. ലോൺ തിരിച്ചടവായി 80,000 കോടി രൂപ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പരിഷ്കരണ നടപടികൾ വൻ വിജയമാണെന്നാണ് ഈ കണക്കുകൾ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ കണക്കുകൾ എല്ലാം പുറത്തുവന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റവിചാരണ ചെയ്യുമെന്നാണ് കോടിയേരി പറയുന്നത്. സാമ്പത്തിക പരിഷ്കരണ നടപടികൾ സാധാരണ ജനങ്ങളുടെ ജീവിതഭാരം കുറയ്ക്കുകയും വലിയ ആശ്വാസം നല്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അതിനെതിരെ നുണപ്രചാരണം നടത്തുന്ന കോടിയേരിയെയാകും ജനങ്ങൾ വിചാരണ ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ ബിജെപി സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. രാജ്യത്തെ കള്ളപ്പണ മാഫിയയും അവർക്കൊപ്പം നിൽക്കുന്നവരും ഇതോടെ വിഭ്രാന്തിയിലാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.