കാനഡയിൽ മുസ്​ലിം പള്ളിയിൽ വെടിവെപ്പ്​; അഞ്ച്​ മരണം

10:50 am 30/01/2017
islamic-school-toronto
ക്യൂബക്​സിറ്റി: കാനഡയിലെ ക്യൂബക്​ സിറ്റിയിൽ മുസ്​ലിം പള്ളിയിലു​ണ്ടായ വെടിവെ​പ്പിൽ അഞ്ച്​ പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഞായറാഴ്​ച രാത്രി എട്ടു മണിയോടെ സെന്‍റ് ഫോയി സ്​ട്രീറ്റിലെ ഇസ്​ലാമിക്​ കൾച്ചറൽ സെൻററിൽ (ഗ്രാന്‍റ് മോസ്ക് ഡി ക്യൂബക്​) ആയിരുന്നു സംഭവം​.

സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മൂന്നാമൻ ഒാടി രക്ഷപ്പെട്ടതായി പ്രാദേശിക പത്രമായ ലീ സോലിൽ റിപ്പോർട്ട് ചെയ്തു. പള്ളിയിലും പരിസരത്തുമുള്ള ആളുകളെ ഒഴിപ്പിച്ച പൊലീസ് പ്രദേശത്ത് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

പള്ളിയിൽ രാത്രി പ്രാർഥന നടക്കുന്ന സമയത്ത്​ തോക്കുധാരികളായ മൂന്ന്​ പേർ ഉള്ളിൽ കടന്ന് വെടിയുതിർക്കുകയായിരുന്നുവെന്ന്​ ദൃക്​സാക്ഷികൾ പറഞ്ഞു. സംഭവം നടക്കു​േമ്പാൾ എകദേശം 40 പേർ പള്ളിയിലുണ്ടായിരുന്നു. പരിക്കേറ്റവരെ ക്യൂബിക്​ സിറ്റിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

എന്താണ്​ സംഭവിച്ചതെന്ന്​ അറിയില്ലെന്നും സംഭവം പ്രാകൃതമാണെന്നും പള്ളിയുടെ പ്രസിഡൻറ്​ മുഹമ്മദ്​ യാംഗി പ്രതികരിച്ചു. പരിക്കേറ്റവരുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം നടക്കു​േമ്പാൾ മുഹമ്മദ്​ യാംഗി പള്ളിയിൽ ഉണ്ടായിരുന്നില്ല.

വെടിവെപ്പിൽ ദുഃഖം രേഖപ്പെടുത്തിയ കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡാവു ഭീരത്വപരമായ നടപടിയെന്ന് ട്വീറ്റ് ചെയ്തു.

2016 ജൂണിൽ റമദാനിൽ പള്ളിയുടെ മുന്നിൽ പന്നിത്തല കൊണ്ടിട്ട സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു​.