ന്യൂഡൽഹി: മുൻ ധനമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് 21 രഹസ്യ അക്കൗണ്ടുകളുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. വിദേശ ബാങ്കുകളിലാണ് ഈ അക്കൗണ്ടുകളെന്നും താൻ ഈ വിവരങ്ങൾ കൈമാറിയിട്ടും നിലവിലെ ധനമന്ത്രാലയം കർശന നടപടികൾ സ്വീകരിച്ചില്ലെന്നും സ്വാമി ആരോപിക്കുന്നു.
കാർത്തി ചിദംബരത്തിന്റെ പേരിലുള്ള കന്പനികളുടെയും 21 വിദേശ അക്കൗണ്ടുകളുടെയും വിവരങ്ങൾ സിബിഐക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ലഭിച്ചിട്ടും ഇതേവരെ ശക്തമായ തുടർ നടപടിയുണ്ടായില്ല. കാർത്തിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൂന്നു സമൻസ് നോട്ടീസുകൾ അയച്ചെങ്കിലും ഇയാൾ മറുപടി നൽകിയില്ല. സർക്കാരും തുടർനടപടി സ്വീകരിച്ചില്ല- സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചു. കാർത്തിയുടെ മേൽ നടപടി സ്വീകരിക്കാതിരിക്കാൻ ചിദംബരം ധനമന്ത്രാലയത്തിൽ സമ്മർദം ചെലുത്തുകയാണെന്നും സ്വാമി വ്യക്തമാക്കി.
അതേസമയം, സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ കാർത്തി ചിദംബരം, ആരോപണങ്ങളിൽ താൻ നിരപരാധിയാണെന്നും പറഞ്ഞു.

