07:10 pm 24/3/2017

കൊല്ലം: കുണ്ടറ പീഡനക്കേസ് പ്രതിയുടെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 13കാരിയെ പീഡിപ്പിക്കാന്‍ ഭര്‍ത്താവിന് ഒത്താശ ചെയ്തെന്ന പരാതിയിലാണ് നടപടി. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഇവരുടെ അറിവോടെയായിരുന്നു പീഡനം നടന്നതെന്ന് പോലീസിന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതിൻെറ അടിസ്ഥാനത്തിലാണ് നടപടി. നേരത്തേ ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയായ മുത്തച്ഛനെ അറസ്റ്റ് ചെയ്തത്. എന്നാൽ പെൺകുട്ടിയെ കൂടുതൽ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ഭാര്യയുടെ പങ്ക് വ്യക്തമായത്.
കുണ്ടറയില്‍ മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവാണ് 13കാരി. പ്രതി മൂന്ന് വര്‍ഷമായി തന്നെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയാണെന്ന് ഇവർ കഴിഞ്ഞദിവസം കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ആത്മഹത്യ ചെയ്ത പത്ത് വയസുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടും പൊലീസ് നടപടിയെടുത്തിരുന്നില്ല. മാധ്യമവാർത്തകളെ തുടർന്ന് സംഭവം വിവാദമായതോടെയാണ് കേസിൽ പെൺകുട്ടിയുടെ അമ്മയുടെ അഛനെ അറസ്റ്റ് ചെയ്യുന്നത്. മരിച്ച പെൺകുട്ടിയുടെ അമ്മയെയും ബന്ധുവായ പെൺകുട്ടിയയെും കൗൺസിലിന് വിധേയമാക്കിയാണ് പൊലീസ് നിർണായക വിവരങ്ങൾ ശേഖരിച്ചത്. ഭയന്നിട്ടാണ് പീഡനവിവരം തുറന്നു പറയാതിരുന്നതെന്നും പെൺകുട്ടി വ്യക്തമാക്കിയിരുന്നു.
ഇക്കഴിഞ്ഞ ജനുവരി 15നാണു പത്തു വയസുകാരിയെ വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാലുകൾ തറയിൽ മുട്ടിനിൽക്കുന്ന രീതിയിലായിരുന്നു മൃതദേഹം. മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് വരെ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ റിപ്പോർട്ട് നൽകിയിരുന്നു.
