കുരിശ് നീക്കംചെയ്ത രീതി ശരിയായില്ല: മാര്‍ ജോര്‍ജ് ആലഞ്ചേരി

08:00 am 22/4/2017


കൊച്ചി: സീറോ മലബാര്‍ സഭ കയ്യേറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും എന്നാല്‍ മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്ത രീതി മനോവിഷമം ഉണ്ടാക്കിയെന്നും സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി.

ക്രൈസ്തവരെ സംബന്ധിച്ച് കുരിശ് എന്നത് വിശ്വാസത്തോടു വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്ന അടയാളമാണ്. വനഭൂമി കയ്യേറി കുരിശ് സ്ഥാപിക്കുന്നതിനെ സഭ അംഗീകരിക്കുന്നില്ല. മതവികാരം വ്രണപ്പെടും എന്ന ആശങ്കയാകാം മുഖ്യമന്ത്രിയുടെ പ്രതികരണത്തിനു കാരണമെന്നും കര്‍ദിനാള്‍ പറഞ്ഞു.

ഇക്കാര്യത്തിലുള്ള പ്രതിഷേധവും വിഷമമവും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും അതു ചെയ്യുന്നതില്‍ തെറ്റുമില്ലെന്നും കെസിബിസി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം പറഞ്ഞു. പക്ഷേ പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്ത രീതി മനോവിഷമം ഉണ്ടാക്കി. കുരിശ് ആരാധനാ വസ്തുവാണ്. അത് ജെസിബി വച്ച് തകര്‍ക്കേണ്ടിയിരുന്നില്ല. മാന്യമായ രീതിയില്‍ അതു പൊളിച്ചുനീക്കാമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതാണ് പറഞ്ഞത്. ആ നിലപാടിനെ പ്രശംസിക്കുന്നുവെന്നും ആര്‍ച്ച് ബിഷപ് വ്യക്തമാക്കി.