06:56 pm 25/4/2017
ബെയ്ജിംഗ്: മുസ്ലിം ഭൂരിപക്ഷമുള്ള സിൻജിയാംഗ് മേഖലയിലാണ് കുട്ടികൾക്ക് ഒരു ഡസനിലധികം പേരുകൾ വിലക്കിയിരിക്കുന്നത്. ഇസ്ലാം, ഖുറാൻ, മക്ക, ജിഹാദ്, ഇമാം, സദ്ദാം, ഹജ്, മദീന തുടങ്ങിയ പെരുകളാണ് ചൈനീസ് സർക്കാർ നിരോധിച്ചിരിക്കുന്നത്. ഇത്തരത്തിൽ പേരുകൾ നൽകുന്ന കുട്ടികൾക്ക് വിദ്യാഭ്യാസമടക്കമുള്ള അവകാശങ്ങൾ നിഷേധിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
പ്രദേശത്തെ ഭീകരവാദം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്നാണ് സർക്കാർ വാദം. ഇസ്ലാമിക തീവ്രവാദം വ്യാപിക്കുന്ന പ്രദേശമെന്നാണ് ഉയിഗർ മേഖലയെ കുറിച്ചുള്ള ചൈനീസ് സർക്കാർ അവലോകനം. നിരോധിത പേരുകൾ നൽകുന്ന കുട്ടികൾ അംഗങ്ങളായ വീടുകൾക്ക് രജിസ്ട്രേഷൻ അനുവദിക്കില്ലെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒരു കോടിയിൽ അധികം ഉയിഗർ മുസ്ലിം വിഭാഗക്കാർ അധിവസിക്കുന്ന പ്രദേശമാണ് സിൻജിയാംഗ് മേഖല. ചൈനയുടെ ഭൂരിപക്ഷ വംശജരായ ഹാൻ വിഭാഗവും ഉയിഗർ മുസ്ലിംകളും തമ്മിൽ ഇവിടെ ഏറ്റുമുട്ടൽ പതിവാണ്.