കെഎച്ച്എന്‍എ കണ്‍വന്‍ഷന്‍ തൃശ്ശൂരില്‍

9:26 pm 1/1/2017
Newsimg1_28015206 (1)
തിരുവനന്തപുരം: കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ പ്രഥമ കേരള കണ്‍വന്‍ഷന്‍ തൃശ്ശൂരില്‍ നടക്കും. കേരള സാഹിത്യ അക്കാദമി ഹാളില്‍ 7ന് ആദ്ധ്യാത്മിക വിചാരസഭ, സാംസ്കാരിക വിചാരസഭ, ആര്‍ഷദര്‍ശന പുരസ്കാര സമര്‍പ്പണ സഭ എന്നിവയൊടെയാണ് കണ്‍വന്‍ഷന്‍. ആദ്ധ്യാത്മിക വിചാരസഭ കോളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയും സാംസ്കാരിക വിചാരസഭ സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖനും ആര്‍ഷദര്‍ശന പുരസകാര സമര്‍പ്പണ സഭ ഡോ എം. ലീലാവതിയും ഉദ്ഘാടനം ചെയ്യും. പ്രഥമ ആര്‍ഷ ദര്‍ശന പുരസ്കാരം മഹാകവി അക്കിത്തത്തിനാണ് നല്‍കുക. സി. രാധാകൃഷ്ണന്‍, ശ്രീകുമാരന്‍ തമ്പി, വി. മധുസൂദനന്‍ നായര്‍, മാടമ്പ് കുഞ്ഞിക്കുട്ടന്‍, എസ്. രമേശന്‍നായര്‍, ജി. പ്രഭ, എന്നിവരെ പ്രത്യേകം ആദരിക്കും. കെഎച്ച്എന്‍എ പ്രസിഡന്റ്് സുരേന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിക്കും. പ്രൊ കെ. പി. ശങ്കരന്‍ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തും.

രാവിലെ 9ന് ആദ്ധ്യാത്മിക വിചാരസഭയില്‍ സനാതന ധര്‍മ്മത്തിലെ സമകാലീന സമസ്യകള്‍ എന്ന വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ഭാരതീയ വിചാരകേന്ദ്രം സംഘടനാ സെക്രട്ടറി കാ ഭാ സുരേന്ദ്രന്‍, കെഎച്ച് എന്‍എ മുന്‍ പ്രസിഡന്റുമാരായ മന്മഥന്‍ നായര്‍, അനില്‍കുമാര്‍പിള്ള, രാംദാസ് പിള്ള, ടി എന്‍ നായര്‍ എന്നിവര്‍ പ്രസംഗിക്കും.

ആധുനിക മലയാള സാഹിത്യ ദര്‍ശനം, പ്രവാസം, സമന്വയം എന്നതാണ് സാംസ്ക്കാരിക വിചാരസഭയുടെ വിഷയം. കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ കെ പി മോഹനന്‍ വിഷയാവതരണം നടത്തും. കവി ലീലാ കൃഷ്ണന്‍, നിരൂപകന്‍ ആഷാമോനോന്‍, തുഞ്ചന്‍ സ്മാരകസമിതി സെക്രട്ടറി ടി ജി ഹരികുമാര്‍, നോവലിസ്റ്റ്് ശ്രീകുമാരി രാമചന്ദ്രന്‍, കവി പി ടി നരേന്ദ്രമേനോന്‍, മാധ്യമ പ്രവര്‍ത്തകന്‍ എം പി സുരേന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന കലാസന്ധ്യയോടെ കണ്‍വന്‍ഷന്‍ സമാപിക്കും