കെ ഫോണ്‍ എന്ന പേരില്‍ കെ.എസ്.ഇ.ബിയുടെ വൈദ്യുതി ശൃംഖലക്ക് സമാന്തരമായി ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കും.

06:47 pm 3/3/2017

download (1)

തിരുവനന്തപുരം: ഐ.ടി രംഗത്തിന് വിപുലമായ പരിഗണനയും ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ നിന്നുകിട്ടി. പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് സേവനം നല്‍കുമെന്ന് പ്രഖ്യാപിച്ച മന്ത്രി മറ്റുള്ളവര്‍ക്കും കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് പൗരാവകാശമായി മാറ്റുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
കെ ഫോണ്‍ എന്ന പേരില്‍ കെ.എസ്.ഇ.ബിയുടെ വൈദ്യുതി ശൃംഖലക്ക് സമാന്തരമായി ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കും. 18 മാസത്തിനുള്ളില്‍ ഈ ഇന്റര്‍നെറ്റ് ശൃംഖല പ്രവര്‍ത്തനമാരംഭിക്കും. അക്ഷയ കേന്ദ്രങ്ങള്‍ പോലുള്ളവ വൈഫൈ പ്രസരണ കേന്ദ്രങ്ങളാക്കി മാറ്റും. ഇതിലൂടെ നിശ്ചിത സമയം എല്ലാവര്‍ക്കും സൗജന്യ വൈഫൈ ലഭിക്കും. കെ ഫോണിനായി കിഫ്ബി വഴി 1000 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്.
ഇതോടൊപ്പം ഐ.ടി മേഖലയുടെ അടങ്കല്‍ 549 കോടി രൂപയും ടെക്‌നോളജി ഇന്നവേഷന്‍ സെന്ററിന് 10 കോടി രൂപയും അനുവദിച്ചു. യുവജന സംരംഭകത്വ വികസന പരിപാടിക്ക് 70 കോടി രൂപയും സംസ്ഥാന ഐ.ടി മിഷന് 100 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. ഐ.ടി ഹാര്‍ഡ്‌വെയര്‍ നിര്‍മ്മാണ ഹബ്ബായി കേരളത്തെ ഉയര്‍ത്താന്‍ 12 പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയും ബജറ്റ് വിഭാവനം ചെയ്യുന്നു.