കേന്ദ്രത്തിനെതിരെ ഇടത് മനുഷ്യച്ചങ്ങല ഇന്ന്

12:11 pm 29/12/2016

images (4)
തിരുവനന്തപുരം: നോട്ട് അസാധുവാക്കലില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ എല്‍ഡിഎഫ് ഇന്ന് സംസ്ഥാനത്ത് മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിഷേധിക്കും. സംസ്ഥാന സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ ബിജെപി പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ 24 മണിക്കൂര്‍ ഉപവസിക്കും.
നോട്ട് അസാധുവാക്കലിനെതിരെ ഇടതുമുന്നണിയുടെ പ്രതിഷേധ പരമ്പരകളുടെ തുടര്‍ച്ചയാണ് മനുഷ്യച്ചങ്ങല. രാജ്ഭവന്‍ മുതല്‍ കാസര്‍ക്കോട് ടൗണ്‍ വരെ 700 കിലോമീറ്റര്‍ നീളുന്ന ചങ്ങലയില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കൊപ്പം കലാസാംസ്‌ക്കാരിക നായകരും അണിചേരും. രാജ്ഭവന് മുന്നില്‍ മുഖ്യമന്ത്രിയും വിഎസ്സും കോടിയേരിയടക്കമുള്ള നേതാക്കള്‍ മനുഷ്യച്ചങ്ങലയില്‍ കണ്ണികളാകും. വൈകീട്ട് അഞ്ചിന് ചങ്ങല തീര്‍ത്ത് പ്രതിജ്ഞയെടുക്കും. കേന്ദ്രത്തിനെതിരെ ഇടത് മുന്നണി ചങ്ങള തീര്‍ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ബിജെപിയും സമരത്തിനിറങ്ങും. നോട്ട് പിന്‍വലിക്കലില്‍ കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കള്ളം പ്രചരിപ്പിക്കുന്നുവെന്നാണ് ബിജെപിയുടെ മറുപടി. റേഷന്‍ വിതരണം അട്ടിമറിച്ചു, കൊലക്കേസ് പ്രതിയെ മന്ത്രി എംഎം മണിയെ സംരക്ഷിക്കുന്നു തുടങ്ങിയ സംസ്ഥാന സര്‍ക്കാറിനെതിരായ നിരവധി വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് സമരം. കുമ്മനത്തിന്റെ 24 മണിക്കൂര്‍ ഉപവാസം രാവിലെ പത്തിന് ഒ രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.