01:49 pm 30/5/2017
പത്തനാപുരം: കേരള കോണ്ഗ്രസ്-ബിയിൽ അഭ്യന്തര പ്രശ്നം വീണ്ടും രൂക്ഷമാകുന്നു. പാർട്ടി ചെയർമാൻ ആർ.ബാലകൃഷ്ണപിളളയ്ക്കു കാബിനറ്റ് പദവിയോടെ മുന്നോക്ക വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം നൽകിയതാണ് പാർട്ടിക്കുളളിൽ പുതിയ പ്രശ്നത്തിനു വഴിയൊരുക്കിയത്. മുന്നോക്ക വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം പിളളയ്ക്കു നൽകിയതിൽ കേരള കോണ്ഗ്രസ്-ബി വൈസ് ചെയർമാനും പത്തനാപുരം എംഎൽഎയും മകനുമായ കെ.ബി. ഗണേഷ് കുമാറിന് കടുത്ത എതിർപ്പുള്ളതായിട്ടാണ് വിവരം.
എതിർപ്പ് പരസ്യമാക്കാൻ ഗണേഷ് കുമാർ തയാറല്ലെങ്കിലും പാർട്ടിക്കുളളിൽ വലിയ പ്രശ്നങ്ങൾക്കാണ് ഇത് വഴിവച്ചിരിക്കുന്നത്. ഗണേഷിനോട് അടുപ്പമുളള പാർട്ടി പ്രവർത്തകർ ഇക്കാര്യത്തിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഗണേഷിന്റെ മന്ത്രിസ്ഥാന സാധ്യതയാണ് ഇതോടെ ഇല്ലാതായതെന്നാണ് ഈ വിഭാഗം പറയുന്നത്. തങ്ങൾ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നു പിള്ള പറഞ്ഞതും പ്രശ്നം വഷളാക്കി.
ഇതിനിടെ, മുന്നോക്ക കമ്മീഷൻ ചെയർമാൻ സ്ഥാനം കിട്ടിയിട്ടും കൊല്ലം മേഖലയിൽ പിള്ളയ്ക്കു സ്വീകരണം പോലും നൽകാത്തതിനു പിന്നിൽ ഗണേഷ് വിഭാഗത്തിന്റെ എതിർപ്പാണെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഇടുക്കിയിലാണ് പാർട്ടി തലത്തിൽ പിള്ളയ്ക്കു സ്വീകരണം നൽകിയത്.
ഇടത് മന്ത്രിസഭയിൽ “ഇന്നല്ലങ്കിൽ നാളെ’ തനിക്കു പ്രവേശനം ലഭിച്ചേക്കുമെന്നായിരുന്നു ഗണേഷിന്റെ കണക്കുകൂട്ടൽ. അതിനിടെയാണ് കാബിനറ്റ് പദവിയോടെ മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ബാലകൃഷ്ണപിളള തട്ടിയെടുത്തത്. ഇതോടെ മന്ത്രിസാധ്യത അടഞ്ഞ അധ്യായമായി ഗണേഷ് വിഭാഗം വിലയിരുത്തുന്നു. പിളളയ്ക്ക് സ്ഥാനമാനങ്ങൾ ലഭിച്ചതോടെ പാർട്ടിക്ക് അർഹതപ്പെട്ട ബോർഡ്, കോർപറേഷൻ ചെയർമാൻ സ്ഥാനങ്ങളും ഇല്ലാതായി. ഇതിൽ പ്രവർത്തകർക്കെല്ലാം വലിയ എതിർപ്പുണ്ടെന്നാണ് ഗണേഷ് വിഭാഗത്തിന്റെ വാദം. എന്നും ഒരാൾ മാത്രം സ്ഥാനങ്ങൾ നേടിയെടുക്കുന്നതു ശരിയല്ല, പാർട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്ന പ്രവർത്തകരെ കൂടി കണക്കിലെടുക്കണമെന്നാണ് ഗണേഷിന്റെ നിലപാട്. എന്നാൽ, ഇക്കാര്യം പരസ്യമായി പ്രകടിപ്പിക്കാൻ ഗണേഷ് കുമാർ തയാറായിട്ടില്ല.
എൽഡിഎഫിന്റെ ഭാഗമായാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചതെങ്കിലും കേരളകോണ്ഗ്രസ്-ബിയുടെ മുന്നണി പ്രവേശനം ഇപ്പോഴും അടഞ്ഞ അധ്യായമാണ്. പിളളയുടെ പാർട്ടിയെ മുന്നണിയിൽ എടുക്കുന്ന കാര്യത്തിൽ സിപിഐ അടക്കമുളള കക്ഷികൾക്ക് കടുത്ത എതിർപ്പാണ്. ഇതിനിടെ യുഡിഎഫിലേക്ക് തിരിച്ചു പോകാനുളള അണിയറ ചർച്ചകളും സജീവമായി നടന്നു വരികയായിരുന്നു. പിളളയാണ് യുഡിഎഫിലേക്ക് തിരിച്ചു പോക്കിനുളള ചർച്ചകൾ നടത്തി വന്നത്. എൽഡിഎഫിനെതിരെ ചില വേദികളിൽ പിള്ള സംസാരിക്കുകയും ചെയ്തു. അതിനിടെയാണ് ക്യാബിനറ്റ് പദവിയോടെ ചെയർമാൻ സ്ഥാനം നൽകി പിളളയുടെ പിണക്കം മാറ്റാൻ എൽഡിഎഫ് തീരുമാനിച്ചത്. ചെയർമാൻ സ്ഥാനം ലഭിച്ചതോടെ പിളളയ്ക്കും കൂട്ടർക്കും സന്തോഷമായങ്കിലും മകനും എംഎൽഎയുമായ ഗണേഷിനും അനുയായികളും ഇടഞ്ഞു. ഇവർ യുഡിഎഫ് പക്ഷത്തേക്കു നീങ്ങാനും സാധ്യതയുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.