11.41 AM 24/01/2017
കൊച്ചി: കൊച്ചി മെട്രോ മാർച്ച് അവസാനത്തോടെ ഓടുമെന്ന് ഡിഎംആർസി ഉപദേഷ്ടാവ് ഇ.ശ്രീധരൻ. ആലുവ മുതൽ പാലാരിവട്ടം വരെയാണ് ആദ്യ ഘട്ടത്തിൽ മെട്രോ സർവീസ് നടത്തുന്നത്. ഇ ശ്രീധരന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഇന്ന് മെട്രോയുടെ ട്രാക്ക് പരിശോധിച്ചു. നേരത്തെ മെട്രോ അവലോകന യോഗത്തിൽ മഹാരാജാസ് വരെ പൂർത്തിയായിട്ട് സർവീസ് തുടങ്ങിയാൽ മതിയെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.
കേന്ദ്ര–സംസ്ഥാന പങ്കാളിത്തത്തോടെ രൂപീകരിച്ച കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കഐംആർഎൽ) ചുമലിലാണു മെട്രോയുടെ ഉത്തരവാദിത്വം. 2012 സെപ്റ്റംബർ 13ന് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പദ്ധതിക്കു തറക്കല്ലിട്ടു. 2013 ജൂണ്‍ ഏഴിനു നിർമാണം തുടങ്ങി. ആലുവ മുതൽ പേട്ടവരെ 24.91 കിലോമീറ്റർ നീളത്തിൽ 22 സ്റ്റേഷനുകളായാണ് നിർമാണം. പേട്ടയിൽനിന്നു തൃപ്പുണിത്തുറ വരെ രണ്ടു കിലോമീറ്റർ കൂടി നീട്ടാൻ തീരുമാനിച്ചതോടെ സ്റ്റേഷനുകളുടെ എണ്ണം 25 ആയി. 5181.79 കോടി രൂപയാണ് ആദ്യഘട്ടത്തിന്റെ നിർമാണ ചെലവ്.
ഡിഎംആർസിക്കു നൽകിയ കരാർ കാലാവധി 2017 ജൂണിൽ അവസാനിക്കും. റിവേഴ്സ് ക്ലോക്ക് തയാറാക്കി ദിവസങ്ങൾ എണ്ണിക്കുറച്ചാണു ഡിഎംആർസിയുടെ പ്രവർത്തനം. ആലുവ മുതൽ മഹാരാജാസ് സ്റ്റേഷൻ വരെയുള്ള ആദ്യഘട്ടം കഴിഞ്ഞവർഷം നവംബർ ഒന്നിന് ഓടുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.