ഗുരുവായൂരപ്പനും ശങ്കരാചാര്യരും വടക്കേനട വാതിലും

08:29 am 10/3/2017
– അഞ്ജന സന്തോഷ്
Newsimg1_22679392
ഭൂലോക വൈകുണ്ഠമായ ഗുരുവായൂരിലെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ ചടങ്ങുകളുടെ കൃത്യനിഷ്ഠയാണ് .. 1200 ഓളം വര്‍ഷങ്ങള്‍ക്ക് മുമ്പ് ശങ്കരാചാര്യര്‍ ചിട്ടപെടുത്തിയ പൂജാ ക്രമങ്ങള്‍ ആണ് ഇപ്പോളും അവിടെ അണുവിട തെറ്റാതെ നടക്കുന്നത് . ശങ്കരാചാര്യര്‍ ശിവന്റെ അംശവതാരം ആണെന്നാണല്ലോ വിശ്വാസം . അദ്ദേഹത്തിനു ഭൂമിയിലൂടെയും യോഗബലം കൊണ്ട് ആകാശത്തിലൂടെയും സഞ്ചരിക്കാന്‍ കഴിവുണ്ടായിരുന്നു . ഒരിക്കല്‍ അദ്ദേഹം ആകാശ മാര്‍ഗ്ഗേ ശ്രിംഗേരി പോകുകയായിരുന്നു . ഗുരുവായൂരിനു മുകളിലൂടെ ആയിരുന്നു യാത്ര . അപ്പോള്‍ താഴെ ഗുരുവായൂരില്‍ ശീവേലി നടക്കുകയായിരുന്നു . എന്നാല്‍ ശൈവ തേജസ് ആയ ആചാര്യര്‍ ഭഗവാനെ വണങ്ങാന്‍ കൂട്ടാക്കിയില്ല . ആചാര്യരുടെ അഹങ്കാരം ഭഗവാനു സഹിച്ചില്ല . അദ്ദേഹം ഒരു മാത്ര നേരത്തേക്ക് ശങ്കരാചാര്യരുടെ യോഗ സിദ്ധി ഇല്ലാതാക്കുകയും ആചാര്യര്‍ ഭൂമിയിലേക്ക് വന്നു വീഴുകയും ചെയ്തു . അതും ഗുരുവായൂര്‍ വടക്കേ നടപന്തലില്‍ ഭഗവാന്റെ ശീവേലിക്ക് മുമ്പിലേക്ക് വന്നു വീണു . വീണതും അചാര്യര്ക്ക് തന്റെ തെറ്റ് മനസ്സിലാവുകയും അവിടെകിടന്നു തന്നെ ഗോവിന്ദാഷ്ടകം രചിച്ച് പാടുകയും ഭഗവാനോട് മാപ്പിരക്കുകയും ചെയ്തു.. പിന്നീട് അദ്ദേഹം അവിടെ ഒരു മണ്ഡലം ഭജനം ഇരിക്കുകയും ഗുരുവായൂരിലെ പൂജ ക്രമങ്ങള്‍ പരിഷ്കരിക്കുകയും ചെയ്തു . മണ്ഡലം ചിറപ്പും അതിനുള്ളില്‍ ഏകാദശിയും വരുന്ന രീതിയില്‍ പൂജയും ഉദയാസ്തമന പൂജയുടെ ക്രമങ്ങളും എല്ലാം അദ്ദേഹം ചിട്ടപെടുത്തി . അതില്‍ പിന്നെ ആ രീതിയാണ് ഇവിടെ പിന്തുടരുന്നത് . ശങ്കരാചാര്യര്‍ വന്നു വീണ സ്ഥലം വടക്കേ ശീവേലിപ്പുരയുടെ മുകളില്‍ ഒരു ചെറിയ ദ്വാരം ഇട്ടു ഇപ്പോളും അടയാള പ്പെടുത്തിയിട്ടുണ്ട് . ശങ്കരാചാര്യരുടെ പ്രതിമയും ഇപ്പോള്‍ ആ ഭാഗത്തുണ്ട് .. ഇപ്പോളും ശീവേലി എഴുന്നള്ളി ഈ ഭാഗത്തു വരുമ്പോള്‍ ശങ്കരാച്ചര്യര്‍ അന്ന് വീണതിന്റെ സ്മരണക്കായി മേളം ഒരു നിമിഷം നിര്‍ത്തി ആ ഓര്‍മ പുതുക്കാറുണ്ടത്രേ …

..ഉത്സവ കാലത്ത് ഭഗവാന്‍ പൊന്‍പഴുക്കാ മണ്ഡപത്തില്‍ ദര്‍ശനം കൊടുക്കുന്നതും ശങ്കരാചാര്യര്‍ അന്ന് വീണ സ്ഥലത്ത് വച്ചാണ് .
വടക്കേ നടയില്‍ വച്ച് ഭഗവാനെ ദര്‍ശിക്കുന്നത് അതീവ പുണ്യമായി കരുതുന്നു . ഗുരുവായൂര് വടക്കേ നട സ്വര്‍ഗ്ഗ വാതില്‍ ആയി കണക്കാക്കപ്പെടുന്നു . കൃഷ്ണനാട്ടം കളി നടക്കുന്നതും വടക്കേ നടയില്‍ വച്ചാണ് . രാവിലെയും വൈകുന്നേരവും രാത്രിയിലും നടക്കുന്ന ശീവേലി വടക്കേ നടയില്‍ എത്തുമ്പോള്‍ മിക്ക ഭക്തജനങ്ങളും സ്രാഷ്ടംഗം വീണു നമസ്ക്കരിക്കുന്നത് ആ സ്മരണയില്‍ ആണ് ..

ഭഗവാനെ നാരായണ … ഹന്ത ഭാഗ്യം ജനാനാം