12:44 pm 17/3/2017
ന്യൂഡൽഹി: ഗോവ സർക്കാർ രൂപീകരണം സംബന്ധിച്ച് രാജ്യസഭയിൽ പ്രതിപക്ഷബഹളം. ഗോവയിൽ സർക്കാറുണ്ടാക്കാൻ ഗവർണർ ബി.ജെ.പിയെ ക്ഷണിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി.
കോൺഗ്രസ് നേതാവ് ദ്വിഗ്വിജയ്സിങ്ങാണ് സഭയിൽ പ്രശ്നം ഉന്നയിച്ചത്. ഗവർണർ അധികാര ദുർവിനിയോഗം നടത്തിയെന്നും ഗവർണറെ ഉപയോഗിച്ച് കേന്ദ്രസർക്കാർ കുതിരക്കച്ചവടം നടത്തിയെന്നും ദ്വിഗ്വിജയ് സിങ് ആരോപിച്ചു. എന്നാൽ, സഭക്കുള്ളിലെ അംഗങ്ങൾക്കെതിരെ മാത്രമേ ആരോപണമുന്നയിക്കാൻ പാടൂവെന്നും മറ്റാർക്കെങ്കിലുമെതിരെ ആരോപണമുന്നയിക്കണമെങ്കിൽ പ്രത്യേക നോട്ടീസ് നൽകണമെന്നും രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ റൂളിങ്ങ് നൽകി.
എന്നാൽ ഇക്കാര്യം ഇപ്പോൾതന്നെ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ആവശ്യപ്പെട്ടു. ഏത് വിഷയത്തെ കുറിച്ചും ചർച്ച ചെയ്യാൻ തയാറാണെങ്കിലും കൃത്യമായി നോട്ടീസ് നൽകാതെ ചർച്ച അനുവദിക്കില്ലെന്ന് പാലർലമെൻററികാര്യ സഹമന്ത്രി മുക്താർ അബ്ബാസ് നഖ്വി അറിയിച്ചു. തുടർന്ന് സഭ മറ്റ് നടപടി ക്രമങ്ങളിലേക്ക് തിരിഞ്ഞു. ഇതോാടെ മറ്റ് നടപടികൾ നിർത്തിെവച്ച് ഗോവ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയായിരുന്നു.