03:30 0m 26/3/2017
കോഴിക്കോട്: ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ രാജിവച്ചു. ലൈംഗികാരോപണത്തെത്തുടർന്നാണ് രാജി. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് ഏത് ഏജൻസിയെക്കൊണ്ടും അന്വേഷിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. കുറ്റസമ്മതമല്ല തന്റെ രാജിയെന്നും രാഷ്ട്രീയ ധാർമ്മികത ഉയർത്തിപ്പിടിക്കാനാണ് ഒഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെയും മുന്നണിയുടെയും അന്തസ് സംരക്ഷിക്കുമെന്നും തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരാതിയുമായെത്തിയ യുവതിയോട് ഫോണിലൂടെ ലൈംഗികചുവയുള്ള സംഭാഷണം നടത്തി എന്ന ആരോപണത്തെത്തുടർന്നാണ് രാജി. എന്നാൽ മുഖ്യമന്ത്രി തന്റെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും സ്വമേധയാ രാജിവച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
പിണറായി മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ശശീന്ദ്രൻ. നേരത്തെ ബന്ധുനിയമന വിവാദത്തിൽ ഇ.പി.ജയരാജൻ രാജിവച്ചിരുന്നു.