02:30 pm 24/2/2017

കോൽക്കത്ത: പശ്ചിമബംഗാളിൽ ഗർഭിണിയായ സ്ത്രീയുടെ നേരെ ബിജെപി നേതാവിന്റെ കൊടുംക്രൂരത. ഗർഭിണിയായ സ്ത്രീക്കു നേരെയുണ്ടായ ബിജെപി നേതാവിന്റെ ആക്രമണത്തിൽ ഗർഭസ്ഥ ശിശു മരിച്ചു. ബംഗാളിലെ നാദിയ ജില്ലയിൽ താൻതലയിലായിരുന്നു സംഭവം. ബിജെപി നേതാവായ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകളാണ് ആക്രമണം നടത്തിയത്.
പരീക്ഷയ്ക്കിടെ ഉച്ചഭാഷിണിയിലൂടെ ഭക്തിഗാനംവച്ചതിൽ പരാതിപ്പെട്ടതാണ് ആക്രമണത്തിനു കാരണമായത്. കുട്ടികൾക്ക് പഠിക്കാൻ കഴിയാതെവന്നതോടെയാണ് സ്ത്രീ പരാതിപ്പെട്ടത്. എന്നാൽ ബിജെപി നേതാവ് പലാഷ് കുമാർ ബിശ്വാസും ഇയാളുടെ ഗുണ്ടകളും ചേർന്ന് സ്ത്രീയെ ക്രൂരമായി മർദിച്ചു. തടസംപിടിക്കാനെത്തിയ സ്ത്രീയുടെ ബന്ധുവിനെയും ഇവർ മർദിച്ചു. അക്രമികൾ മടങ്ങിയ ശേഷം നാട്ടുകാർ ഗുരുതര പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ പലാഷ് കുമാറും മറ്റൊരാളും അറസ്റ്റിലായിട്ടുണ്ട്.
