09:29 pm 23/4/2017
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍ തോമസ് തറയില്‍ അഭിഷിക്തനായി. സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ ദേവാലയത്തില്‍ നടന്ന മെത്രാഭിഷേക ചടങ്ങുകള്‍ക്ക് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികത്വം നല്കി. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ഉച്ചകഴിഞ്ഞ് രണ്ടിനു തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. പ പ്രദക്ഷിണത്തില്‍ നിയുക്ത മെത്രാനെ ഖബറിടപ്പള്ളിയില്‍നിന്നും പ്രധാനദേവാലയത്തിന്റെ മദ്ബഹായിലേക്ക് അതിരൂപതാ സമൂഹം ആനയിച്ചു. മാര്‍ ജോസഫ് പെരുന്തോട്ടം കൈവയ്പു ശുശ്രൂഷയിലൂടെ മാര്‍ തോമസ് തറയിലിനെ സഹായ മെത്രാനായി അഭിഷേകം ചെയ്തു. സഹകാര്‍മികരും സന്നിഹിതരായിരുന്ന മറ്റു ബിഷപ്പുമാരും കൈവയ്പു ശുശ്രൂഷയില്‍ പങ്കുചേര്‍ന്നു. ഇതിനുശേഷം മാര്‍ ജോസഫ് പെരുന്തോട്ടം സ്ഥാനചിഹ്നങ്ങളായ മുടിയും അംശവടിയും മാര്‍ തോമസ് തറയിലിനു നല്കി.
കെസിബിസി ചെയര്മാന് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം വചനസന്ദേശം നല്കി. തിരുക്കര്‍മങ്ങള്‍ക്കു ശേഷം സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ അനുഗ്രഹപ്രഭാഷണവും ക്നാനായ യാക്കോബായ സഭയുടെ അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് അനുമോദന പ്രസംഗവും നടത്തി.