ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തില്‍ മൂന്ന് നോമ്പാചരണവും പുറത്ത് നമസ്കാരവും –

08:43 pm 6/2/2017

സ്റ്റീഫന്‍ ചൊള്ളമ്പേല്‍
Newsimg1_22080244
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവക ദൈവാലയത്തില്‍ മൂന്ന് നോമ്പാചരണവും പുറത്ത് നമസ്കാരവും നടത്തപ്പെടുന്നു. ഫെബ്രുവരി 6,7,8 തിയ്യതികളിലായാണ് മൂന്ന് നോമ്പാചരണം നടത്തപ്പെടുക. ഫെബ്രുവരി 8 ബുധനാഴ്ച വൈകുന്നേരമാണ് ചരിത്ര പ്രസിദ്ധമായ പുറത്ത് നമസ്കാരം നടത്തപ്പെടുക. ഫാ. ബോബന്‍ വട്ടംപുറത്ത് പുറത്ത് നമസ്കാര ശുശ്രൂഷക്ക് മുഖ്യ കാര്‍മികത്വം വഹിക്കും.

വലിയ നോമ്പിന് മുന്‍പ്, മൂന്നാമത്തെ ചൊവ്വാഴ്ച, കടുത്തുരുത്തി വലിയ പള്ളി അങ്കണത്തിലെ ചരിത്ര പ്രസിദ്ധമായ കല്‍ കുരിശിങ്കല്‍ സമ്മേളിക്കുന്ന ജനവാലിയുടെ സായാഹ്ന പ്രാര്‍ത്ഥനാ യജ്ഞമാണ് പുറത്ത് നമസ്കാരം. നൂറ്റാണ്ടുകളായി നടത്തപെടുന്ന പുറത്ത് നമസ്കാരം, നാലാം നൂറ്റാണ്ടില്‍ ഈശോയെ ക്രൂശിച്ചിരുന്ന സ്ഥലത്ത് ഉണ്ടായിരുന്ന കരിങ്കല്‍ കുരിശിന്‍ ചുവട്ടില്‍ നടത്തപ്പെട്ടിരുന്ന പ്രാര്‍ത്ഥനയെ അടിസ്ഥാനമാക്കിയാണ് നടത്തപ്പെടുക. നിനവേ നഗരത്തിന്റെ അനുതാപവും വിശുദ്ധീകരണവും പ്രമേയമായ മൂന്നുനോയമ്പിന്റെ മുഖ്യ ആകര്‍ഷണമാണ് കടുത്തുരുത്തി വലിയ പള്ളിയില്‍ നടന്നുവരുന്ന പുറത്ത് നമസ്കാരം.

പരമ്പരാഗത സുറിയാനി ഭാക്ഷയില്‍ നടത്തിവന്നിരുന്ന പുറത്ത് നമസ്കാരം ഇപ്പോള്‍ മലയാളത്തിലാണ് ചൊല്ലുന്നത് എങ്കിലും, പാരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങള്‍ക്ക് തെല്ലും മാറ്റം വരാതെയാണ് ഇപ്പോഴും പുറത്ത് നമസ്കാരം നടത്തി വരുന്നത്. ഇത് നാലാം തവണയാണ് ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തില്‍ വച്ച് പുറത്ത് നമസ്കാരം നടത്തപ്പെടുന്നത്. പതിവുപോലെ പ്രത്യേകം സജ്ജീകരിക്കുന്ന കുരിശിന്മേല്‍ എണ്ണ ഒഴിക്കുവാനുള്ള സൌകര്യവും ഏര്‍പ്പെടുത്തുന്നുണ്ട്. പുറത്ത് നമസ്കാര ശുശ്രൂഷകള്‍ കെവിടിവിയില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.