കൊല്ലം: ചവറ തെക്കുംഭാഗം പനയ്ക്കൽതോടി ക്ഷേത്രത്തിന്റെ ചുറ്റന്പലത്തിന് തീ പിടിച്ചു ലക്ഷങ്ങളുടെ നഷ്ടം. കഴിഞ്ഞ രാത്രി 11.45ഓടെയാണ് സംഭവം. തീപടരുന്നത് ആദ്യം കണ്ടത് വഴിയാത്രക്കാരാണ്. അവർ ഓടിയെത്തി ക്ഷേത്രപരിസരത്ത് കിടന്നുറങ്ങിയവരെ വിവരമറിയിച്ചു. നാട്ടുകാർ മണിയടിച്ചും മറ്റും പരിസരവാസികളെ അറിയിക്കുകയായിരുന്നു. ആളുകൾ വിവരമറിയിച്ചതനുസരിച്ച് ക്ഷേത്രജീവനക്കാരും ചവറ തെക്കുംഭാഗം എസ്ഐ രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവുമെത്തി.
ചവറ, ചാമക്കട എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ചുറ്റന്പലത്തിന്റെ വടക്കുംഭാഗം പൂർണമായും പടിഞ്ഞാറുഭാഗം ഭാഗികമായും കത്തിനശിച്ചു. തീപിടുത്ത കാരണം വ്യക്തമായിട്ടില്ല. സ്ഥലം എംഎൽഎ എൻ.വിജയൻപിള്ള ക്ഷേത്രം സന്ദർശിച്ചു.