ജയലളിതയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിന്; സംസ്കാരം വൈകീട്ട്

12:50 pm 06/12/2016
download (2)
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഭൗതികശരീരം ചെന്നൈ രാജാജി ഹാളിൽ പൊതുദര്‍ശനത്തിന് വെച്ചു. വൈകീട്ട് നാലുവരെ പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാം. ശേഷം സംസ്കാര ചടങ്ങുകൾ മെറീന ബീച്ചിൽ നടക്കും. എം.ജി.ആർ സ്​മാരകത്തോട്​ ചേർന്ന്​ തന്നെയാകും ജയലളിതക്കും ചിതയൊരുക്കുക.

രാഷ്ട്രപത്രി പ്രണബ് കുമാർ മുഖർജി, പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിക്കാൻ ചെന്നൈയിലെത്തും. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കം രാജ്യത്തെ വിവിധ തുറകളിലുള്ള പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുക്കും. കേന്ദ്രസർക്കാറിനു വേണ്ടി കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, പൊൻ രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും.

കേരളത്തിൽ നിന്ന് ഗവർണർ പി. സദാശിവത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നത്. ഗവർണറെ കൂടാതെ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവരാണ് പങ്കെടുക്കുക.

ജയക്ക് ആദരാഞ്ജലി അർപ്പിക്കാൻ തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും വാഹനങ്ങളിലായി ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.