ജയലളിത അന്തരിച്ചു

12.30 AM 06/12/2016
image
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും അണ്ണാഡിഎംകെ അധ്യക്ഷയുമായി ജെ.ജയലളിത (68) അന്തരിച്ചു. തിങ്കളാഴ്ച്ച രാത്രി 11.30-ഓടെയാണ് ജയലളിത മരണപ്പെട്ടതെന്ന് അപ്പോളോ ആസ്പത്രി പുറത്തു വിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
ജയലളിത മരണവാര്‍ത്ത പുറത്തു വിട്ടേക്കാവുന്ന പ്രത്യാഘാതങ്ങള്‍ മുന്‍കൂട്ടി കണ്ട് വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ചെന്നൈയില്‍ ഒരുക്കിയിരുന്നത്. മരണവാര്‍ത്ത പുറത്തു വിടും മുന്‍പേ തന്നെ പ്രമുഖ എഐഡിഎംകെ നേതാക്കളും ജയലളിതയുടെ തോഴി ശശികലയും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഷീലാ ബാലകൃഷ്ണനും അടക്കമുള്ളവര്‍ ആസ്പത്രി വിട്ടിരുന്നു.
ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ രണ്ടരമാസത്തോളം ചികിത്സയില്‍ കഴിയുകയായിരുന്ന ജയലളിതയ്ക്ക് ഞായറാഴ്ച്ച വൈകുന്നേരത്തോടെ ഹൃദയസ്തഭംനമുണ്ടായതായി അവര്‍ ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആസ്പത്രി അറിയിച്ചിരുന്നു.
ഇതോടെ അവരുടോ ആരോഗ്യസ്ഥിതിയെ തുടര്‍ന്ന് പലതരം അഭ്യൂഹങ്ങള്‍ പടര്‍ന്നു. അപ്പോളോ ആസ്പത്രിക്ക് മുന്നില്‍ ദേശീയ മാധ്യമങ്ങളും പോലീസും എഐഡിഎംകെ പ്രവര്‍ത്തകരും നിറഞ്ഞു.
തിങ്കളാഴ്ച്ച വൈകിട്ട് ആറ് മണിയോടെ ജയലളിത മരിച്ചതായി ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ചെന്നൈ നഗരത്തിലെങ്ങും വ്യാപക അക്രമങ്ങളാണ് അരങ്ങേറിയത്.
തുടര്‍ന്ന് ജയലളിത ചികിത്സയില്‍ തുടരുകയാണെന്ന് അപ്പോളോ ആസ്പത്രി വാര്‍ത്തക്കുറിപ്പ് പുറത്തു വിട്ടതോടെയാണ് സംഘര്‍ഷങ്ങള്‍ അവസാനിച്ചത്.