ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല യില്‍ പ്രതിഷേധം ശക്തമാവുന്നു.

08:37 am 13/1/2017

download (1)
ന്യൂഡല്‍ഹി: 11 പിന്നാക്ക വിദ്യാര്‍ഥികളെ പുറത്താക്കിയതിനെതിരെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു)യില്‍ പ്രതിഷേധം ശക്തമാവുന്നു. പ്രവേശനത്തില്‍ ജാതി വിവേചനങ്ങള്‍ക്ക് കാരണമാവുന്ന തീരുമാനങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതിനാണ് വിദ്യാര്‍ഥികളെ ഡിസംബര്‍ 26ന് ഹോസ്റ്റലില്‍നിന്നടക്കം പുറത്താക്കിയത്. ഈ നടപടി പിന്‍വലിക്കുക, ജാതി വിവേചനത്തിന് കാരണമാവുന്ന യു.ജി.സിയുടെ തീരുമാനം നടപ്പാക്കരുത് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വിദ്യാര്‍ഥി യൂനിയന്‍െറ നേതൃത്വത്തില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ക്ളാസുകളടക്കം ബഹിഷ്കരിച്ചാണ് സമരം ശക്തമാക്കിയിരിക്കുന്നത്.

അക്കാദമിക് കൗണ്‍സില്‍ തടസ്സപ്പെടുത്തിയെന്ന് കാണിച്ചാണ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ അന്വേഷണമോ നോട്ടീസോ നല്‍കാതെ പുറത്താക്കിയത്. അടുത്ത സെമസ്റ്ററിലേക്ക് രജിസ്ട്രേഷന്‍ നടത്താമെന്നാണ് സര്‍വകലാശാല പറയുന്നത്. വിദ്യാര്‍ഥികളുടെ സമരത്തില്‍ സംസാരിച്ചതിന് അഞ്ച് അധ്യാപകര്‍ക്കും വിദ്യാര്‍ഥി യൂനിയന്‍ നേതാവിനും നോട്ടീസ് നല്‍കിയിരുന്നു. സര്‍വകലാശാലയുടെ തീരുമാനങ്ങള്‍ക്കെതിരെ അധ്യാപക സംഘടനയും ജനുവരി 19 മുതല്‍ സമരത്തിനിറങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്.