07:15 pm 26/3/2017
തിരുവനന്തപുരം: ജിഷവധക്കേസിന്‍റെ അന്വേഷത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. കേസന്വേഷണം തുടക്കം മുതൽ പാളിയെന്നു വ്യക്തമാക്കുന്ന, അതീവ രഹസ്യ സ്വഭാവമുള്ള റിപ്പോർട്ട് അദ്ദേഹം ആഭ്യന്തര സെക്രട്ടറിക്കു കൈമാറി. 16 പേജുകളുള്ള റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. കേസിൽ ഒരാൾ മാത്രമാണോ പ്രതി എന്ന് ഉറപ്പില്ലെന്നും വിജിലൻസ് ഡയറക്ടർ റിപ്പോർട്ടിൽ സൂചിപ്പിച്ചട്ടുണ്‌ട്.
അതേസമയം, വിജിലൻസിനെതിരെ രൂക്ഷവിമർശനവുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥരും രംഗത്തെത്തി. ജേക്കബ് തോമസിന്‍റെ റിപ്പോർട്ട് ഡിജിപി ലോക്നാഥ് ബെഹ്റ തള്ളി. കേസിൽ അനാവശ്യമായ ഇടപെടലാണ് വിജിലൻസ് നടത്തുന്നതെന്നും ഡിജിപി കുറ്റപ്പെടുത്തി.
ക്രിമിനൽ കേസ് അന്വേഷണത്തിൽ വിജിലൻസ് അനധികൃതമായി ഇടപെട്ടുവെന്ന് എഡിജിപി ബി.സന്ധ്യയും കുറ്റപ്പെടുത്തി. അന്വേഷണം വഴിതിരിച്ചു വിടാനും ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാനും ശ്രമം നടന്നുവെന്നും അവർ ആരോപിച്ചു.
കഴിഞ്ഞ വർഷം ഏപ്രിൽ 28നാണു ജിഷയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ക്രൂരമായ ലൈംഗിക പീഡനത്തിനിരയായാണ് ജിഷ കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. സംഭവത്തിൽ പ്രതി അമിറുൾ ഇസ്‌ലാമിനെ അറസ്റ്റ് ചെയ്തിരുന്നു. പെരുമ്പാവൂർ കുറുപ്പംപടി വട്ടോളിപ്പടിയിലെ കനാൽ പുറമ്പോക്കിലുള്ള അടച്ചുറപ്പില്ലാത്ത വീട്ടിലേക്ക് അതിക്രമിച്ചു കയറി ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നതാണു പ്രതിക്കെതിരെ ചുമത്തിയ പ്രധാന കുറ്റം. തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.