ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസിൽ പാമ്പാടി നെഹ്റു കോളജ് പി.ആർ.ഒ കെ.വി. സഞ്ജിത്തിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി.

06:52 PM 20/2/2017

download (7)
തൃശൂർ: ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസിൽ പാമ്പാടി നെഹ്റു കോളജ് പി.ആർ.ഒ കെ.വി. സഞ്ജിത്തിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതി ബുധനാഴ്ചയിലേക്കാണ് ജാമ്യാപേക്ഷ മാറ്റിയത്. കേസിൽ രണ്ടാം പ്രതിയായ സഞ്ജിത്ത് മുന്‍മന്ത്രി കെ.പി. വിശ്വനാഥന്‍െറ മകനാണ്. പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

കേസിലെ ഒന്നാം പ്രതിയും കോളജ് ചെയര്‍മാനുമായ പി. കൃഷ്ണദാസിന് അനുവദിച്ച ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ചൊവ്വാഴ്ച ഹൈകോടതി പരിഗണിക്കും. ഹൈകോടതിയിൽ നിന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് അഞ്ചു ദിവസത്തേക്ക് കൃഷ്ണദാസിന്‍െറ അറസ്റ്റ് തടഞ്ഞ് ഇടക്കാലജാമ്യം അനുവദിച്ചത്. ജാമ്യം ലഭിക്കുന്നതിനായി കൃഷ്ണദാസ് കോടതിയെ തെറ്റിദ്ധരിപ്പിച്ചതായി കണ്ടെത്തിയിരുന്നു.

ജിഷ്ണുവിന്‍െറ മരണത്തില്‍ ദുരൂഹതയേറ്റുന്ന വിധം കോളജ് വൈസ് പ്രിന്‍സിപ്പലിന്‍െറയും പി.ആര്‍.ഒയുടെയും മുറിയില്‍നിന്ന് കണ്ടെത്തിയ രക്തക്കറ സംബന്ധിച്ചും സി.സി ടി.വി ദൃശ്യങ്ങള്‍ നശിപ്പിച്ചതും അത് കണ്ടെത്താനുള്ള നടപടികളിലേക്ക് കടന്നിട്ടുള്ളതും അന്വേഷണസംഘം കോടതിയെ അറിയിച്ചതായി വിവരമുണ്ട്.