06:08 pm 5/4/2017
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജക്കെതിരായ പൊലീസ് നടപടിയില്‍ വന്‍ പ്രതിഷേധം. ഡി ജി പിയോട് മഹിജയെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വി എസ് അച്യുതാനന്ദന്‍ ഡിജിപിയെ ഫോണില്‍ വിളിച്ച് ശകാരിച്ചു. നടപടി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്, ആദ്യ മന്ത്രിസഭയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ പ്രതിപക്ഷം ബഹിഷ്‌കരിക്കും.
ജിഷ്ണു കേസില്‍ സര്‍ക്കാരിനെ പൂര്‍ണ്ണമായും പ്രതിരോധത്തിലാക്കുന്നതായി പൊലീസ് ആസ്ഥാനത്തെ നടപടികള്‍. കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ച ഡിജിപി, ജിഷ്ണുവിന്റെ അമ്മയെ ബലംപ്രയോഗിച്ച് നീക്കിയതോടെ കാര്യങ്ങള്‍ കൈവിട്ടു. ഡി ജി പിയെ ഫോണില്‍ വിളിച്ച് ശകാരിച്ച് വി എസ് ആദ്യം രംഗത്തെത്തി. തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ ഇടപെടല്‍. ആശുപത്രിയില്‍ കഴിയുന്ന മഹിജയെ, എത്രയും പെട്ടെന്ന് സന്ദര്‍ശിക്കണമെന്ന് മുഖ്യമന്ത്രി ഡി ജി പിയോട് നിര്‍ദ്ദേശിച്ചു. ജിഷ്ണു കേസിലെ പ്രതികളെ ഇനിയും അറസ്റ്റുചെയ്യാത്ത പൊലീസ്, അമ്മയെ കസ്റ്റഡിയിലെടുത്തതോടെ സര്‍ക്കാര്‍ പൂര്‍ണ്ണമായും പ്രതിരോധത്തിലായി. ഒഴിവാക്കേണ്ടിയിരുന്ന നടപടിയെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആദ്യ മന്ത്രിസഭയുടെ വജ്രജൂബിലി ആഘോഷം പ്രതിപക്ഷം ബഹിഷ്‌കരിക്കും. സംസ്ഥാനത്ത് പൊലീസ് രാജാണെന്നും ഡി ജി പിക്ക് വീഴ്ചപറ്റിയെന്നും കെ പി സി സി പ്രസിഡന്റ് എം എം ഹസ്സന്‍ പറഞ്ഞു. മഹിജയോട് പൊലീസ് മോശമായി പെരുമാറിയെന്ന് ബി ജെ പിയും ആരോപിച്ചു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് വരും ദിവസങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.