08:49 pm 9/4/2017
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബം നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. സർക്കാർ പ്രതിനിധി ജിഷ്ണുവിന്റെ കുടുംബവുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. കേസിൽ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് ചർച്ചയിൽ ജിഷ്ണുവിന്റെ കുടുംബത്തിന് സർക്കാർ ഉറപ്പ് നൽകി.
മൂന്നാം പ്രതിയായ കോളജ് വൈസ് പ്രിൻസിപ്പൽ ശക്തിവേലിനെ ഞായറാഴ്ച പോലീസ് അറസ്റ്റു ചെയ്തിരുന്നു. മറ്റു പ്രതികളും ഉടൻ അറസ്റ്റിലായേക്കുമെന്നാണ് സൂചന. കുടുംബവുമായി സ്പെഷൽ പ്രോസിക്യൂട്ടർ ഉദയഭാനുവാണ് ചർച്ച നടത്തിയത്. അഞ്ചാം ദിവസമാണ് ജിഷ്ണുവിന്റെ കുടുംബം സമരം അവസാനിപ്പിക്കുന്നത്.
ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം ഒത്തുതീർപ്പാക്കാൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുനയശ്രമം നടത്തിയിരുന്നു. ഇക്കാര്യത്തിൽ കോടിയേരി ബാലകൃഷ്ണനുമായി സംസാരിച്ചതായി കാനം അറിയിച്ചു. ജിഷ്ണുവിന്റെ അമ്മ മഹിജയെ ആശുപത്രിൽ സന്ദർശിച്ചശേഷം മാധ്യമങ്ങളോടാണ് കാനം ഇത് വെളിപ്പെടുത്തിയത്.
ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് നേരെയുണ്ടായ പോലീസ് നടപടി അനാവശ്യം തന്നെയാണ്. പോലീസിന്റെ എല്ലാ റിപ്പോർട്ടുകളും സ്വയം ന്യായീകരിക്കുന്ന തരത്തിലാവും. ഇതുസംബന്ധിച്ച പോലീസ് റിപ്പോർട്ട് സ്വീകരിക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കാനം തന്നോട് സംസാരിച്ചെന്നും ഒത്തുതീർപ്പിന് ആരു ശ്രമിച്ചാലും സഹകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മകൻ മരിച്ചതിലെ വേദന മനസിലാക്കുന്നു. എന്നാൽ ചിലർ അടിയന്തരാവസ്ഥയ്ക്കു സമാനമായ സ്ഥിതിയുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതു കൂടാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മഹിജയുമായി ഫോണില്‍ സംസാരിച്ചു. സി.പി ഉദയഭാനുവിനൊപ്പം അറ്റോര്‍ണി കെ.വി സുഹനും മഹിജയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.