02:58 pm 20/1/2017

ചെന്നൈ: ജെല്ലിക്കെട്ട് കേസിൽ വിധി പറയുന്നത് സുപ്രീം കോടതി ഒരാഴ്ചത്തേക്ക് നീട്ടി. കേന്ദ്രസർക്കാറിെൻറ ആവശ്യപ്രകാരമാണ് വിധി പറയുന്നത് നീട്ടിയത്. ക്രമസമാധാന പ്രശ്നങ്ങളിൽ തമിഴ്നാടുമായി ചർച്ച നടത്തുകയാണെന്നും വിധി ഇപ്പോൾ വരുന്നത് ക്രമസമാധാനപാലനത്തെ പ്രതികൂലമായി ബാധിക്കുമെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. മൃഗസംരക്ഷണത്തിനൊപ്പം പാരമ്പര്യവും പരിഗണിക്കണമെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗി ആവശ്യം ഉന്നയിച്ചു.
കാളപ്പോരിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് താംബരത്ത് ട്രെയിൻ തടയുന്നതിനിടെ ഡി.എം.കെ നേതാവ് സ്റ്റാലിനെ മുൻകരുതലായി പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ മമ്പാലത്ത് പാർട്ടി പ്രവർത്തകർ പൊലീസ് ബാരിക്കേഡുകൾ തകർക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു.
സംഗീതസംവിധായകൻ എ.ആർ റഹ്മാൻ ജെല്ലിക്കെട്ടിനെ അനുകൂലിച്ച് നിരാഹാരമെടുക്കുമെന്ന് ട്വീറ്റ് ചെയ്തിരുന്നു. നടികർ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ചലച്ചിത്ര താരങ്ങളും ഉപവസിക്കും. ജെല്ലിക്കെട്ട് നിരോധനം മറികടക്കാൻ രണ്ടുദിവസത്തിനകം ഒാർഡിനൻസ് ഇറക്കുമെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി ഒ.പനീർശെൽവം അറിയിച്ചു. എന്നാൽ, നിരോധനം നീക്കിയ ശേഷം മാത്രമേ പ്രതിഷേധം അവസാനിപ്പിക്കൂവെന്ന് പ്രതിഷേധക്കാർ അറിയിച്ചു.
