ചെന്നൈ: എ ഐ.എ.ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും ശശികലയുടെ സഹോദര പുത്രനുമായ ടി.ടി.വി ദിനകരൻ ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കും. പാർട്ടിയുടെ പ്രസീഡിയം ചെയർമാൻ സെേങ്കാട്ടയ്യനാണ് ഇക്കാര്യം അറിയിച്ചത്. ജയലളിതയുടെ മരണത്തെ തുടർന്ന് ഒഴിവ് വന്ന നിയമസഭ സീറ്റാണ് ആർ.കെ നഗറിലേത്. എപ്രിൽ 12നാണ് ഇവിടെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക്കുന്നത്.
തെൻറ വിശ്വസ്തനെ തന്നെ മൽസരിപ്പിച്ച് ആർ.കെ നഗർ തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള ശ്രമമാണ് ശശികല നടത്തുന്നത്. ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ് ശശികലയെ സംബന്ധിച്ച് നിർണായകമാണ്. തമിഴ്നാട് മുൻ മുഖ്യമന്ത്രി പന്നീർശെൽവം ഉയർത്തുന്ന ഭീഷണികൾ മറികടക്കണമെങ്കിൽ ശശികല പക്ഷത്തിന് തെരഞ്ഞെടുപ്പിൽ ജയിച്ചേ മതിയാകു. എന്നാൽ തെരഞ്ഞെടുപ്പിൽ ജയിച്ചാൽ മുഖ്യമന്ത്രിയാവുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന ഉത്തരമാണ് ദിനകരൻ നൽകുന്നതെങ്കിലും ഭാവിയിൽ ഇതിനുള്ള സാധ്യത തള്ളികളയാനാവില്ല.