ട്രംപിനെതിരായി വാർത്തകൾ പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് ചില മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തി.

05:40 pm 25/2/2017
images

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരായി വാർത്തകൾ പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് ചില മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തി. ബിബിസി, സിഎൻഎൻ, ന്യൂയോർക്ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങളെയാണ് വിലക്കിയത്. വെള്ളിയാഴ്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീൻ സ്പൈസർ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് മാധ്യമങ്ങളെ വിലക്കിയത്.

റോയിട്ടേഴ്സ്, ബ്ലൂംബെർഗ്, സിബിഎസ് തുടങ്ങി പത്തോളം മാധ്യമങ്ങളിലെ റിപ്പോർട്ടർമാരെ മാത്രമാണ് പ്രസ് റൂമിൽ പ്രവേശിപ്പിച്ചത്. അതേസമയം, മാധ്യമങ്ങളെ വിലക്കിയതിനുള്ള കാരണം പ്രസ് സെക്രട്ടറി വ്യക്തമാക്കിയില്ല. ട്രംപിനെതിരായി വാർത്തകൾ പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് നടപടിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ട്രംപ് ഭരണകൂടത്തിന്‍റെ ഈ നടപടി മാധ്യമ സ്വാതന്ത്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന വിമർശം ഇതിനോടകം ഉയർന്നുകഴിഞ്ഞു.