8:48 am 21/1/2017

അമേരിക്കയുടെ അധികാരമേറ്റെടുത്ത് ഉദ്ഘാടന പരേഡിലെത്തിയ ട്രംപ് നേരിട്ടത് ശക്തമായ പ്രതിഷേധം. വിവിധ സംഘടനകള്‍ പരേഡിനിടയിലും പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചു.ഇതിനിടെ നിയമഭേദഗതിയിലൂടെ ജയിംസ് മാറ്റിസിനെ പ്രതിരോധ സെക്രട്ടറിയാക്കി ഡോണള്‍ഡ് ട്രംപ് നിയമിച്ചു.
പ്രസിഡന്റ് പദം ഏറ്റെടുത്ത ശേഷം കാപ്പിറ്റോള്‍ഹില്ലില്‍ നിര്‍ണ്ണായകമായ ഫയലുകളില്‍ ഒപ്പ് വച്ചാണ് തന്‍റെ ഔദ്യോഗിക ജീവിതത്തിന് ഡോണള്‍ഡ് ട്രംപ് തുടക്കമിട്ടത്. പ്രതിരോധ സെക്രട്ടറിയായി മുന്‍ ജനറല്‍ ജയിംസ് മാറ്റിസിനെ നിയമിക്കുന്നതിന് നിയമഭേദഗതി വരുത്തി. എന്നാല്‍ നിയമനത്തിന് സെനറ്റിന്‍റെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. സൈനിക സേവനം ചെയ്തയാള്‍ക്ക് മറ്റ് ഔദ്യോഗിക സ്ഥാനമേറ്റെടുക്കാന്‍ ഏഴു വര്‍ഷത്തെ ഇടവേള വേണമെന്ന നിയമമാണ് മാറ്റിസിനായി ട്രംപ് പൊളിച്ചെഴുതിയത്.
തുടര്‍ന്ന് അമേരിക്കയുടെ പ്രസിഡന്‍റ് പദം ഏറ്റെടുത്ത രാഷ്‌ട്രത്തലവന്‍റെ ഉദ്ഘാടന പരേഡില്‍ ട്രംപ് പങ്കെടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പേ വാഷിങ്ടണില്‍ തുടങ്ങിയ പ്രതിഷേധങ്ങള്‍ പരേഡിനിടയിലും തുടര്‍ന്നു. വനിതാ സംഘടനകളുടെയും ട്രംപ് വിരുദ്ധരുടെയും ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. കാപ്പിറ്റോളില്‍ നിന്ന് വൈറ്റ് ഹൗസിലേക്ക് പുറപ്പെട്ട പ്രസിന്‍റിനെ വഴിയിലെങ്ങും പ്രതിഷേധക്കാര്‍ പ്ലക്കാര്‍ഡ് കാണിച്ചു. നഗരത്തില്‍ ചില സ്ഥലങ്ങളില്‍ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പരേഡിനിടെ ചില സ്ഥലങ്ങളില്‍ വാഹനത്തില്‍ നിന്നിറങ്ങി ട്രംപും കുടുംബവും വൈസ്പ്രസിഡന്റ് മൈക്ക് പെന്‍സും അനുകൂലികള്‍ക്ക് അഭിവാദ്യം നല്‍കി. മൂന്ന് മുന്‍ പ്രസിന്‍റുമാര്‍ പങ്കെടുത്ത, ഡോണള്‍ഡ് ട്രംപിന്‍റെ സ്ഥാനാരോഹണച്ചടങ്ങില്‍ നിന്ന് 50തിലധികം റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ വിട്ട് നിന്നു. പടിയിറങ്ങുമ്പോഴും വന്‍ ജനപ്രീതിയുള്ള ഒബാമയുടെ പിന്‍ഗാമിയായി അധികാരത്തിലേറുന്ന ഡോണള്‍ഡ് ട്രംപ് ജനങ്ങളുടെ പ്രതിഷേധത്തെ എങ്ങനെ നേരിടുമെന്നാണ് ഇനിയറിയേണ്ടത്
