12:25 pm 16/3/2017
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ പുതിയ യാത്രാനിരോധന നിയമത്തിനും കോടതിയുടെ വിലക്ക്. ആറ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് വിസാ നിരോധനം ഏർപ്പെടുത്താനുള്ള ട്രംപിെൻറ പുതിയ വിസാനിയമമാണ് നടപ്പിലാക്കുന്നതിന് തൊട്ടുമുമ്പ് ഹവായ് ഫെഡറൽ ജഡ്ജ് മരവിപ്പിച്ചത്. വ്യാഴാഴ്ച അർധരാത്രി മുതൽ നടപ്പിൽ വരുത്താനായിരുന്നു തീരുമാനം. ഇതിനിടെയാണ് നിയമം മരവിപ്പിച്ച് ഫെഡറൽ കോടതി ഉത്തരവിറക്കിയത്.
ദേശീയ സുരക്ഷക്ക് വേണ്ടിയാണ് യാത്രാ വിലക്ക് ഏർപ്പെടുത്തുന്നത് എന്ന സർക്കാർ വാദത്തെ ചോദ്യം ചെയ്താണ് ഹവായ് ഫെഡറൽ ജഡ്ജ് ഡെറിക് വാറ്റ്സൺ നിയമം മരവിപ്പിച്ചത്. ജഡ്ജിയുടെ തീരുമാനം ജുഡീഷ്യൽ അധികാരപരിധിയുടെ ലംഘനമാണെന്ന് ട്രംപ് പ്രതികരിച്ചു.
ആറ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാരെ 90 ദിവസത്തേക്കും അഭയാർഥികളെ 120 ദിവസത്തേക്കും വിലക്കുന്ന നിയമമാണ് ട്രംപ് നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്.ഭീകരർ യു.എസിലേക്ക് കടക്കുന്നത് തടയാനാണ് യാത്രാവിലക്ക് എന്നായിരുന്നു ട്രംപിെൻറ വാദം. എന്നാൽ നിയമം വിവേചനപരമാണെന്ന് വിമർശനം ഉയർന്നിരുന്നു.
ഇതു സംബന്ധിച്ച് നേരത്തെ ട്രംപ് ഇറക്കിയിരുന്ന ഉത്തരവ് സീറ്റിൽ ജഡ്ജ് സ്റ്റേ ചെയ്തിരുന്നു. തുടർന്നാണ് പുതിയ നിയമം ഏർപ്പെടുത്താൻ ട്രംപ് നിർബന്ധിതനായത്. ജനങ്ങൾക്കിടയിൽ വിവേചനം പാടില്ലെന്ന യു.എസ് ഭരണഘടനക്ക് വിരുദ്ധമാണ് നിയമമെന്ന് അഭിഭാഷകർ പറയുന്നു. വിദ്യാർഥികളെയും ജോലിക്കാരെയും വിനോദ സഞ്ചാരികളെയും പ്രതികൂലമായി ബാധിക്കുന്നതായിരുന്നു ട്രംപിന്റെ നിയമം.

