വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഫോണ്‍ ചോർത്തൽ ആരോപണത്തെ തള്ളി മുൻ പ്രസിഡന്‍റ് ബറാക് ഒബാമയുടെ വക്താവ്. ട്രംപിന്‍റെ ആരോപണങ്ങൾ വ്യാജമാണെന്ന് വക്താവ് കെവിൻ ലെവിസ് പറഞ്ഞു. നവംബറിലെ തെരഞ്ഞെടുപ്പു പ്രചാരണവേളയിൽ ന്യൂയോർക്കിലെ ട്രംപ് ടവറിലെ തന്‍റെ ഫോണ്‍ ഒബാമ ചോർത്തിയെന്നാണ് ട്രംപിന്‍റെ ആരോപണം.
ഒബാമയോ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരോ ഏതെങ്കിലുമൊരു യുഎസ് പൗരന്‍റെ മേൽ നിരീക്ഷണം നടത്താൻ നിർദേശം നൽകിയിട്ടില്ല. നീതിന്യായ വകുപ്പ് നടത്തുന്ന സ്വതന്ത്ര അന്വേഷണം വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ തടസപ്പെടുത്തരുതെന്നത് ഒബാമ ഭരണകൂടത്തിന്‍റെ പ്രത്യേക നിയമമായിരുന്നെന്നും ലെവിസ് പറഞ്ഞു.
ശനിയാഴ്ച രാവിലെ 5.35ന് ആരംഭിച്ച ട്വീറ്റുകളിലാണ് മുൻഗാമിക്ക് എതിരേ കടുത്ത ആരോപണവുമായി ട്രംപ് രംഗപ്രവേശം ചെയ്തത്. ഒരു നല്ല അഭിഭാഷകന് കേസിന് ആവശ്യമായ എല്ലാ വസ്തുതകളുമുണ്ടെന്നും പറഞ്ഞ ട്രംപ് , സിറ്റിംഗ് പ്രസിഡന്‍റ് ഇത്തരത്തിൽ ചോർത്തൽ നടത്തുന്നതു നിയമാനുസൃതമാണോയെന്നും മറ്റൊരു ട്വീറ്റിൽ ചോദിച്ചിരുന്നു.