ട്രഷറര്‍ സ്ഥാനത്തുനിന്ന് ഒ. പന്നീര്‍സെല്‍വത്തെ നീക്കി.

08:07 am 8/2/2017
images
ചെന്നൈ: ശശികലക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയതിനു പിന്നാലെ അണ്ണാ ഡി.എം.കെയുടെ ട്രഷറര്‍ സ്ഥാനത്തുനിന്ന് ഒ. പന്നീര്‍സെല്‍വത്തെ നീക്കി. പോയസ് ഗാര്‍ഡനില്‍ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയുടെ നേതൃത്വത്തില്‍ അര്‍ധരാത്രി 12ന് ചേര്‍ന്ന മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. പകരം വനം മന്ത്രി ഡിണ്ടുഗല്‍.സി. ശ്രീനിവാസനെ ട്രഷററായി നിയമിച്ചു.

അതിനിടെ പന്നീര്‍സെല്‍വത്തിന് പിന്തുണയുമായി അദ്ദേഹത്തിന്‍െറ വസതിക്കു മുന്നില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ തടിച്ചുകൂടി. സംസ്ഥാനത്തിന്‍െറ വിവിധ നഗരങ്ങളില്‍ പന്നീര്‍സെല്‍വത്തിനും ജയലളിതക്കും മുദ്രാവാക്യം വിളിച്ച് ജനങ്ങള്‍ തെരുവിലിറങ്ങുന്നുണ്ട്. ശശികലക്കെതിരെ പ്രതിഷേധ മുദ്രാവാക്യവും മുഴക്കുന്നുണ്ട്. അതേസമയം, അണ്ണാ ഡി.എം.കെയില്‍ ഉരുത്തിരിയുന്ന സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്ന് ഡി.എം.കെ നേതാവ് സ്്റ്റാലിന്‍ പറഞ്ഞു.

സംസ്ഥാനമെങ്ങും പൊലീസ് കര്‍ശന സുരക്ഷാവലയം തീര്‍ത്തിട്ടുണ്ട്. വേണ്ടിവന്നാല്‍ കേന്ദ്ര അര്‍ധസൈനിക വിഭാഗത്തിന്‍െറ സേവനം തേടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനില്‍നിന്ന് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തേടി.